*ഭാഷാ ഭിന്നത മറികടക്കാന്‍ കമ്മ്യൂണിക്കോര്‍*
തദ്ദേശീയ ജനതയെ ഉന്നത വിദ്യാഭ്യാസ-തൊഴില്‍ രംഗത്ത് മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കുടുബശ്രീ മിഷന്‍ നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതി ശ്രദ്ധേയമാവുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ ഇംഗ്ലീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പാക്കാന്‍ സഹായകമാകും. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്‌നം. പഠനമാധ്യമം മലയാളവും ഇംഗ്ലീഷുമാവുന്നതും ഒപ്പം ഇംഗ്ലീഷ് പഠനവും ആശയ വിനിമയവും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഭാഷാ ബുദ്ധിമുട്ട് ലഘൂകരിക്കുകയാണ് കമ്മ്യൂണിക്കോര്‍ പദ്ധതിയിലൂടെ. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ- പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതികള്‍ നടപ്പാക്കുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്മ്യൂണിക്കോര്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് വയനാട്, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങി 10 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന തിരുനെല്ലി, നൂല്‍പ്പുഴ പരിധിയില്‍ നിന്നും തിരഞ്ഞെടുത്ത 12 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് പരിശീലന നല്‍കുന്നത്. തിരുനെല്ലിയില്‍ രണ്ട് ബാച്ചുകളിലും നൂല്‍പ്പുഴയില്‍ ഒരു ബാച്ചിലും പദ്ധതി നടപ്പാക്കും. ഓരോ ബാച്ചിലും 35 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 180 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനമാണ് നല്‍കുക. പദ്ധതിയുടെ രണ്ടാംഘട്ട ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ റുഖിയ സൈനുദ്ദീന്‍ നിര്‍വഹിച്ചു. തിരുനെല്ലി സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സൗമിനി അധ്യക്ഷയായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, വാര്‍ഡ് മെമ്പര്‍ പ്രഭാകരന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ആമീന്‍, സ്‌പെഷല്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണ, ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാര്‍, ആനിമേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments