'അമ്മ അറിയാതെ' ശ്രദ്ധേയമായി എക്‌സൈസ് വകുപ്പ് നാടകം
മദ്യവും മയക്കുമരുന്നുമുള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന 'എന്റെ കേരളം' മേളയിലാണ് ലഹരിക്കെതിരെ 'അമ്മ അറിയാതെ', 'കൗമാരം' എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരന്‍ ഉണ്ണിയുടെ സംവിധാനത്തിലാണ് 'അമ്മ അറിയാതെ' അണിയിച്ചൊരുക്കിയത്.
നാളെയുടെ പ്രതീക്ഷയാകേണ്ട പുതുതലമുറ ലഹരിക്കടിമപ്പെട്ട് വഴിതെറ്റുന്ന കഥയാണ് നാടകം പങ്കുവച്ചത്. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ തകര്‍ക്കുന്ന ലഹരിയുടെ വഴിയെ സഞ്ചരിക്കരുതെന്ന സന്ദേശം നാടകത്തിലൂടെ പകര്‍ന്നു. ജീവിതത്തില്‍ ലഹരി വസ്തുവിന്റെ സാന്നിദ്ധ്യം ദുരന്തമാകുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു വേദിയില്‍ അവതരിപ്പിച്ചത്. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ സമകാലീന സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ തുറന്നു കാണിച്ച ബോധവല്‍ക്കരണ നാടകം കാണികളെയും ത്രസിപ്പിച്ചു. കിടങ്ങന്നൂര്‍ എസ് വി ബി എച്ച് എസിലെ വിദ്യാര്‍ഥികളാണ് നാടകത്തില്‍ അഭിനയിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ ആര്‍ അജയകുമാര്‍ നാടകം ഫ്ളാഗ് ഓഫ് ചെയ്തു. കൂടുതല്‍ വേദികളില്‍ കുട്ടികള്‍ക്ക് അഭിനയിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണല്‍ എസ് സനില്‍ പങ്കെടുത്തു.
ലഹരി വര്‍ജന ബോധവല്‍ക്കരണ നാടകമായി 'കൗമാര'വും മേളയില്‍ അരങ്ങേറി. എസ് മധു രചനയും സംവിധാനവും ചെയ്ത കാക്കാരിശ്ശി നാടകം 'കൗമാരം' ലഹരിയുടെ പിടിയില്‍ നിന്നും യുവത്വത്തെയും ഭാവി തലമുറയെയും പൂര്‍ണമായും മോചിപ്പിക്കുന്നതിനുള്ള ബോധവല്‍കരണം നല്‍കി. ചടുലമായ ഗാനവും ഊര്‍ജസ്വലമായ നൃത്തങ്ങളുമായി കാക്കാരിശ്ശി നാടകം കാണികളിലേക്ക് അറിവ് പകര്‍ന്നു. സംഗീതവും നൃത്തവും അഭിനയവുമെല്ലാം കോര്‍ത്തിണക്കിയ 'കൗമാരം' പ്രായഭേദമന്യേ ഏവരെയും ആകര്‍ഷിച്ചു. ചമഞ്ഞൊരുങ്ങിയ കലാകാരന്മാര്‍ കഥാപാത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയതോടെ കാണികള്‍ സ്വയം മറന്നു. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി നര്‍മഭാവത്തിലുള്ള അവതരണ ശൈലിയും നിത്യജീവിതത്തിലെ സന്ദര്‍ഭം വിഷയമാക്കിയതും 'കൗമാരം' ജനപ്രീതി നേടി. ഫ്ളാഷ് മോബും വേദിയില്‍ അരങ്ങേറി.
ചിത്രം - എക്‌സൈസ്
'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകം
- Log in to post comments