Skip to main content
പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിൻറെ അധ്യക്ഷതയിൽ നടന്ന യോഗം

**ജില്ലയില്‍ സാസ്‌കി ഫണ്ട് വകയിരുത്തി 378.57 കോടിയുടെ* *പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി**

 

ജില്ലയുടെ അടിസ്ഥാന വികസനം ഉറപ്പാക്കാന്‍ സാസ്‌കി ഫണ്ട് വകയിരുത്തി 378.57 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. അതിതീവ്ര ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സാസ്‌കി ഫണ്ട് വകയിരുത്തി തയ്യാറാക്കുന്ന പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പ്രദേശത്തെ അതിജീവിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന് 111.32 കോടിയുടെയും ടൗണ്‍ഷിപ്പില്‍  നിര്‍മ്മിക്കുന്ന റോഡ് പ്രവര്‍ത്തികള്‍ക്ക് 87 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചു. പ്രകൃതി ദുരന്തത്തില്‍ പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 65 കോടി രൂപയുടെ ഭരണാനുമതിയായി.  ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍  195.55 കോടിയാണ് ആവശ്യമായിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തികള്‍കാണ് അനുമതി ലഭിച്ചത്.  പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല -അട്ടമല ഭാഗത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിന് 38 കോടിയുടെ ഭരണാനുമതിയായി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മൂന്ന് നില കെട്ടിടത്തില്‍ 50 കിടക്കകളോട് കൂടിയ ബ്ലോക്ക്, ഫിസിയോതെറാപ്പി, ഡയാലിസിസ് യൂണിറ്റ് എന്നിവ  നിര്‍മ്മിക്കാന്‍  15 കോടിയുടെ ഭരണാനുമതി ലഭിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കെ.എസ്.ഇ.ബിയുടെ  110 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 13.5 കോടിയുടെ ഭരണാനുമതി ലഭിച്ചു. ബാണാസുര സാഗര്‍, മുനീശ്വരന്‍കുന്ന്, കൊളവള്ളി, കുപ്പാടി, അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് എന്നിവിടങ്ങളില്‍ ഹെലിപാഡ് നിര്‍മ്മിക്കാന്‍ 9 കോടി അനുവദിച്ചു. ദുരന്ത സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട  പ്രദേശത്തെ ആളുകളെ അടിയന്തിരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കോട്ടത്തറ, തവിഞ്ഞാല്‍, തരിയോട്, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളില്‍ മള്‍ട്ടി പര്‍പ്പസ് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ 28 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഹെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.  കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്,  ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date