Skip to main content
കോന്നി മെഡിക്കല്‍ കോളജ് ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, ഫാര്‍മസി എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍ ഫാര്‍മസി നാടിന് സമര്‍പ്പിച്ചു, കോന്നി മെഡിക്കല്‍ കോളജിലേത് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യം: മന്ത്രി വീണാ ജോര്‍ജ്

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക നിലവാരത്തിലുള്ള ചികിത്സ ഏറ്റവും വേഗതയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കോന്നി മെഡിക്കല്‍ കോളജിലെ പുതിയ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, എച്ച്.എല്‍.എല്‍ ഫാര്‍മസി എന്നിവ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ലക്ഷ്യനിലവാരത്തില്‍ മൂന്നര കോടി രൂപ ചിലവഴിച്ചാണ് ലേബര്‍ റൂമും ഓപ്പറേഷന്‍ തിയേറ്ററും നിര്‍മിച്ചത്. 27,922 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ലേബര്‍ റൂം. ഒപി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെപ്റ്റിക് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, രണ്ട് എല്‍ഡിആര്‍ സ്യൂട്ടുകള്‍, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകള്‍, വാര്‍ഡുകള്‍, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷന്‍ യൂണിറ്റുകള്‍ എന്നിവയുണ്ട്.

27 ലക്ഷം രൂപ ചിലവഴിച്ചാണ് 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എച്ച്.എല്‍.എല്‍. ഫാര്‍മസി  നിര്‍മിച്ചത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 363 കോടി രൂപയുടെ വികസനം കോന്നി മെഡിക്കല്‍ കോളജില്‍ നടന്നു. ആദ്യഘട്ടത്തില്‍ 167.33 കോടി രൂപ ചെലവഴിച്ചു. എംബിബിഎസ് കോഴ്സിന്റെ നാലാം ബാച്ച് ഓഗസ്റ്റില്‍ ആരംഭിക്കും. നിലവില്‍ 300 കുട്ടികള്‍ പഠിക്കുന്നുണ്ട്. പിജി കോഴ്സ് തുടങ്ങാനുള്ള നടപടി പുരോഗമിക്കുന്നു.
ആരോഗ്യ മേഖലയിലടക്കം വികസന പാതയിലാണ് സംസ്ഥാനം. മെഡിക്കല്‍ കോളജുകള്‍ ദേശീയ നിലവാരത്തിലെത്തി. 15 പുതിയ നേഴ്സിങ്ങ് കോളജുകള്‍ സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലയില്‍ സ്ഥാപിച്ചു. ബിഎസ്സി നേഴ്സിങ്ങ് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മെഡിക്കല്‍ കോളജിലെ പിജി സീറ്റുകളേടതടക്കം ഉയര്‍ന്നു. കരള്‍ മാറ്റല്‍ ചികത്സയടക്കം സൗജന്യമായി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തിന്റെ പദ്ധതി വിഹിതവും കിഫ്ബി ഫണ്ടും ഉപയോഗിച്ചാണ് വികസനമെല്ലാം സാധ്യമാക്കിയതെന്ന് മന്ത്രി അറിയിച്ചു.

 

കോന്നി മെഡിക്കല്‍ കോളജ് ഓരോ ദിവസവും വളരുകയാണെന്നും മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമാണ് ഇതെന്നും അധ്യക്ഷ പ്രസംഗത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. കെ വി വിശ്വനാഥന്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ് നിഷ, സൂപ്രണ്ട് ഡോ. എ ഷാജി, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ബി. സജിനി, ആശുപത്രി വികസന സമിതി അംഗങ്ങളായ രാജു നെടുവംപുറം, അമ്പിളി വര്‍ഗീസ്, റഷീദ് മുളന്തറ, എ.എസ്.എം ഹനീഫ, ടി.ഐ.എ മുത്തലിഫ്, എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ മധു മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

 

date