Skip to main content

*ഇരട്ടി മധുരമായി എം.ബി.ബി.എസ് ആദ്യ ബാച്ചിൽ മൂന്ന് വയനാട്ടുകാർ*

വയനാട് ഗവ മെഡിക്കൽ കോളജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിൽ മൂന്ന് വയനാട്ടുകാർക്ക് പ്രവേശനം ലഭിച്ചത് ജില്ലയ്ക്ക് ഇരട്ടി മധുരമായി. മൂന്നു പേരിൽ ഒരാൾ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണ്. മാനന്തവാടി സ്വദേശിനിയായ അഖില വിനോദ്, ബത്തേരി സ്വദേശി നിദ ഫാത്തിമ, മീനങ്ങാടി സ്വദേശി നന്ദ കിഷോർ എന്നിവരാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയ വയനാട്ടുകാർ. പ്രഥമ എം.ബി.ബി.എസ് ബാച്ചിൽ  17 ആൺകുട്ടികളും 24 പെൺകുട്ടികളുമാണ് ഇതുവരെ പ്രവേശനം നേടിയത്. പ്രവേശന നടപടികൾ നിലവിൽ തുടരുകയാണ്. ഒക്ടോബർ മൂന്നിന്  കോളേജിൽ ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെയും കേരള ആരോഗ്യ സർവ്വകലാശാലയുടെയും നിർദേശ പ്രകാരം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഫൗണ്ടേഷൻ കോഴ്സ് നൽകി.   50 എം.ബി.ബി.എസ് സീറ്റുകൾക്കാണ് മെഡിക്കൽ കോളെജിൽ അനുമതി ലഭിച്ചത്.  ഏഴ് സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 43 സീറ്റുകൾ കേരള ലിസ്റ്റിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുമാണ്. മൾട്ടി പർപസ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ക്ലാസുകൾ സജ്ജീകരിച്ചിട്ടുള്ളത്. കെട്ടിടത്തിലെ ഒന്ന്, നാല്, ആറ് നിലകൾ കോളജിനായി പ്രയോജനപ്പെടുത്തും. ലാബ് സൗകര്യങ്ങൾ  നാലാം നിലയിലും ഒരുക്കിയിട്ടുണ്ട്.

date