*വികസന വീഥിയിലെ നേട്ടങ്ങൾ നിരത്തി മുട്ടിൽ ഗ്രാമ പഞ്ചായത്ത് വികസന സദസ്*
മാറുന്ന കാലത്തിനൊപ്പം സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനം അതിവേഗം പുരോഗമിക്കുകയാണെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് പഞ്ചായാത്തുകൾ പുതിയ ദിശാബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ന്യൂനതകൾ പരിഹരിച്ചും പുതിയ പദ്ധതികൾ രൂപീകരിച്ചും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്തിൻ്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പരിപാടിയിൽ മന്ത്രി പ്രകാശനം ചെയ്തു. ഈ ഭരണസമിതി കാലയളവിൽ ഗ്രാമ പഞ്ചായത്ത് വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന മുന്നേറ്റങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഭവനരഹിതരായ 379 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു.
കഴിഞ്ഞ 5 വർഷങ്ങളിൽ ഭവന നിർമ്മാണത്തിനായി 10 കോടിയിലധികം രൂപയും ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് 25 ലക്ഷത്തിലധികം രൂപയും ഭവന പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയും ഉൾപ്പടെ 11 കോടിയോളം രൂപ ചിലവഴിച്ചു.
നെൽകൃഷി പ്രോത്സാഹനത്തിന് 1.12 കോടി രൂപ രൂപ സബ്സിഡി നൽകി. പുരയിടകൃഷിക്കും രാസവള വിതരണത്തിനുമായി 44 ലക്ഷം രൂപ ചെലവഴിച്ചു. പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 19 ലക്ഷം രൂപ ചെലവഴിച്ച് വിഷരഹിതമായ ഗുണമേന്മയുള്ള പച്ചക്കറികളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തരിശ് ഭൂമി കൃഷിയോഗ്യമാക്കൽ പദ്ധതിയിലൂടെ 18 ലക്ഷം ചെലവഴിച്ച് 60 ഹെക്ടർ തരിശ് ഭൂമി കൃഷിയോഗ്യമാക്കി. പഞ്ചായത്തിനെ 2022-ൽ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുകയും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ 2.36 ചെലവിൽ നിർമ്മാണം പൂർത്തിയാക്കി. മൃഗസംരക്ഷണ മേഖലയിൽ 2 കോടിയോളം രൂപ ചെലവഴിച്ചു. പാലിന് സബ്സിഡി, കാലിത്തീറ്റ വിതരണങ്ങൾ, കറവപശു–ആട്–പോത്തുകുട്ടി പദ്ധതികൾ, കൂടാതെ 2600 വീടുകളിൽ മുട്ടക്കോഴി വിതരണം എന്നിവ വഴി ചെറുകിട കർഷകർക്ക് അധികവരുമാനവും പോഷകസുരക്ഷയും ഉറപ്പാക്കി.
മാലിന്യ സംസ്കരണത്തിൽ മികച്ച മുന്നേറ്റം കൈവരിച്ചു. ഹരിതകർമ്മസേനയുടെ 38 അംഗങ്ങൾ മുഖേന വാതിൽപ്പടി ശേഖരണം ശക്തിപ്പെടുത്തി. 3.12 കോടി രൂപ ചെലവിൽ 6 ലക്ഷത്തിലധികം കിലോ മാലിന്യം സംസ്കരിച്ചു. 1505 വീടുകളിൽ കിച്ചൺ ബിൻ, 15 വീടുകളിൽ ബയോഗ്യാസ് പ്ലാൻറ് എന്നിവ നൽകി. ബോധവത്കരണ ക്യാമ്പുകൾ, പിഴനടപടികൾ, ക്യാമറ നിരീക്ഷണം എന്നിവ വഴി ശുചിത്വബോധം ഉറപ്പാക്കി. 1.36 കോടി മുടക്കി ആധുനിക എം.സി.എഫ് നിർമ്മാണം ആരംഭിച്ചു. ജൽജീവൻ മിഷൻ പ്രകാരം 28.1 കോടി രൂപയുടെ പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ ഏതാണ് പൂർത്തീകരിച്ചു. 3350 വീടുകളിൽ പൈപ്പ് കണക്ഷൻ ലഭ്യമാക്കി. മുൻപ് 37.27 ലക്ഷം രൂപ ചെലവഴിച്ച് പൈപ്പ് ലൈൻ നീട്ടൽ പ്രവൃത്തി നടത്തി. കേരളത്തിൽ ആദ്യമായി ഹരിത കേരള മിഷൻ സഹായത്തോടെ ജലബജറ്റ് തയ്യാറാക്കി.
സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കായി സംരംഭങ്ങൾ ആരംഭിക്കാൻ, റിവോൾവിംഗ് ഫണ്ട്, ലിങ്കേജ് ലോൺ എന്നിവ നൽകി.5500 ഓളം കുടുംബങ്ങൾക്ക് സഹായകമായി.
ഓപ്പൺ ഫോറത്തിൽ ഗ്രാമപഞ്ചായത്തിന്റെ ദുരന്തനിവാരണ, പ്രകൃതി സൗഹൃദ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നു. എല്ലാ പ്രദേശങ്ങളിലും പ്രകൃതിദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തി റെസ്ക്യൂ സെന്ററുകൾ ആരംഭിക്കുക, പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ട് പദ്ധതികൾ രൂപീകരിക്കുക, സമയബന്ധിതമായി ഫണ്ട് ലഭിക്കാനും വിനിയോഗിക്കാനുള്ള അധികാരം ഭരണസമിതിക്ക് നൽകുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉയർന്നു വന്നു.
കൃഷിയിടങ്ങളിൽ അമിത രാസവള പ്രയോഗം കുറക്കുകയും, ബയോ ഫാർമസിയിലൂടെയുള്ള സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഹോമിയോ ഡിസ്പെൻസറിക്കും ജിഎൽപി സ്കൂൾ മാണ്ടാടിനും സൗജന്യമായി ഭൂമി നൽകിയ അപ്പച്ചൻ മാണ്ടാടിനെ പരിപാടിയിൽ ആദരിച്ചു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കൽ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ മങ്ങാടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം സന്തോഷ് കുമാർ, എം.കെ ആലി, മേരി സിറിയക്, ലീന സി നായർ, ഷീബ വേണുഗോപാൽ, സുമ കെ.എസ്, സജീവൻ, ആയിഷ കാര്യങ്ങൽ, മുഹമ്മദ്
ബഷീർ ബി, കുഞ്ഞമ്മദ് കുട്ടി,
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ വിമൽ രാജ്, ഗ്രാമപഞ്ചായത്ത് -എക്സ് ഒഫീഷ്യോ സെക്രട്ടറി മുഹമ്മദ് ഷഫീഖ്, ഗിരീഷ് മാസ്റ്റർ
അസിസ്റ്റൻറ് സെക്രട്ടറി രുക്മിണി എന്നിവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments