Skip to main content
മാനന്തവാടി വള്ളിയൂർക്കാവ് പാലം ഉദ്ഘാടനം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺ ലൈനിലൂടെ നിർവ്വഹിക്കുന്നു

17.6 കോടി രൂപയുടെ ചുവടുവയ്പ്പ്: ജില്ലയിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ചു*

ജില്ലയുടെ ഗതാഗത രംഗത്ത് നിർണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂർക്കാവ് പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 208 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം മാനന്തവാടി നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു. പാലം യാഥാർഥ്യമായതോടെ കാവണകുന്ന്, ചെറുവയൽ, പൂളക്കൽ, കമ്മന, കുരിശിങ്കൽ,  ആറാം മൈൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചാരം ഏറെ സുഗമമാകും.  

സംസ്ഥാനത്തിന്റെ വികസന ദൗത്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്കാണ് സർക്കാർ മുൻഗണ നൽകുന്നതെന്നും ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  ദേശീയപാത വികസനവും ദേശീയ പാത - 66 ന്റെ  നവീകരണവും  ലക്ഷ്യമാക്കി  5550 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചിരിക്കുന്നത്.  600 കിലോമീറ്റർ നീളമുള്ള  ദേശീയപാത പദ്ധതിയിൽ ഭൂരിഭാഗം പ്രവർത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. മലയോര പ്രദേശങ്ങളുടെ വളർച്ചയെ മുൻനിർത്തി 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റർ നീളമുള്ള പുരോഗമിക്കുകയാണെന്നും ഇത്  കർഷകർക്കും വിനോദസഞ്ചാര മേഖലക്കും വലിയ പിന്തുണയാകുമെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചവർഷത്തിനിടെ  നൂറു പാലങ്ങൾ എന്നതായിരുന്നു 2021-ൽ സർക്കാർ ലക്ഷ്യമിട്ടത് , നിലവിൽ 150 പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. 

 

സംസ്ഥാനം നേരിട്ട മഹാ ദുരന്തങ്ങളെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞ പത്തു വർഷങ്ങളായി  സർക്കാർ കാര്യക്ഷമമായി ഇടപെട്ടുവെന്ന്  പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വള്ളിയൂർക്കാവ് പാലം ഉദ്ഘാടന വേദിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം, നിപ്പ, കോവിഡ് മുതലായ മഹാ ദുരന്തങ്ങളിൽ തകർന്നു പോയ കേരളത്തെ പുനർനിർമ്മിക്കാൻ സർക്കാർ ആവിഷ്കരിച്ച സമഗ്ര പദ്ധതിയാണ് റീബിൽഡ് കേരളയെന്നും കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ പദ്ധതിയുടെ  തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വള്ളിയൂർക്കാവ് ദേവസ്വം സ്ഥലത്തിലൂടെയാണ് പാലം നിർമ്മിച്ചതെന്നും പുതിയ പാലം യാഥാർഥ്യമായതോടെ പഴയ പാലം നിലനിന്നിരുന്ന സ്ഥലം ദേവസ്വത്തിന് തിരികെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.

പത്മശ്രീ ചെറുവയൽ രാമൻ, മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മീനാക്ഷി രാമൻ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ സുധാകരൻ,ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷീജ ഫ്രാൻസിസ്,  എടവക ഗ്രാമ പഞ്ചായത്ത് അംഗം ജെസ്സി വർക്കി, വള്ളിയൂർക്കാവ് പാരമ്പര്യ ട്രസ്റ്റി ഏച്ചോംഗോപി,  താബോർ ചർച്ച്‌ വികാരി മോൻസി ജേക്കബ്, കോഴിക്കോട് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി. എസ് അജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ പൊതുജനങ്ങൾ പങ്കെടുത്തു.

date