Skip to main content

സ്വപ്നക്കൂടൊരുക്കി ലൈഫ് മിഷൻ: ജില്ലയിൽ പൂർത്തീകരിച്ചത് 37,535 വീടുകൾ

കത്തുന്ന വെയിലിലും കനത്ത മഴയിലും അടച്ചുറപ്പില്ലാത്ത കൂരകളിൽ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചമേകി  ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി ജൈത്രയാത്ര തുടരുകയാണ്.  കേരളത്തിലെ പാർപ്പിടരഹിതരായ ജനതയ്ക്ക് സുരക്ഷിതവും മാന്യവുമായ തലചായ്ക്കാനൊരിടം ഉറപ്പാക്കുക എന്ന സംസ്ഥാന സർക്കാരിന്റെ  ലക്ഷ്യം ജില്ലയിൽ വൻ വിജയമാകുന്നു എന്നതിന്റെ തെളിവാണ്  കണക്കുകൾ വ്യക്തമാക്കുന്നത്. ജില്ലയിലെ 14 മണ്ഡലങ്ങളിലായി 37,535 കുടുംബങ്ങളാണ് സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 

42,018 വീടുകൾക്കാണ് ജില്ലയിൽ കരാർ ചെയ്തത്. ഇതിൽ 4483 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 

ജില്ലയിൽ ഏറ്റവുമധികം വീടുകൾ പൂർത്തീകരിച്ചത് എറണാകുളം മണ്ഡലത്തിലാണ്; 6,133 കുടുംബങ്ങളാണ് ഇവിടെ പദ്ധതിയുടെ ഗുണഭോക്താക്കളായത്. കോതമംഗലം മണ്ഡലത്തിൽ 4,021 വീടുകളും പറവൂരിൽ 3,130 വീടുകളും പൂർത്തിയായിട്ടുണ്ട്. മൂവാറ്റുപുഴ (3,107), പിറവം (2,874), പെരുമ്പാവൂർ (2,832), വൈപ്പിൻ (2,569), കളമശ്ശേരി (2,436) എന്നീ മണ്ഡലങ്ങളും പദ്ധതി പൂർത്തീകരണത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അങ്കമാലിയിൽ 2,184 വീടുകളും കുന്നത്തുനാട് മണ്ഡലത്തിൽ 2,104 വീടുകളും ഇതിനകം പൂർത്തിയായിട്ടുണ്ട്. തൃപ്പൂണിത്തുറ (1,893), തൃക്കാക്കര (1,659), ആലുവ (1,653), കൊച്ചി (940) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ പൂർത്തീകരിച്ചത്.

അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കുന്ന ലൈഫ് മിഷൻ, വെറുമൊരു പാർപ്പിട പദ്ധതിയല്ല, മറിച്ച് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കരുത്താണ്. ഓരോ കല്ലും സിമന്റും ചേർത്തു വെച്ച് പടുത്തുയർത്തുന്നത് പതിനായിരങ്ങളുടെ ആത്മവിശ്വാസമാണ്. നിലവിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന 4483 വീടുകളിൽ 875 വീടുകൾ കോതമംഗലം മണ്ഡലത്തിലാണ്. ഇത് മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ തണലേകാൻ ലൈഫ് മിഷന് സാധിക്കുന്നു എന്നതിന്റെ നേർചിത്രമാണിത്.

കരാർ ചെയ്ത വീടുകളെല്ലാം പൂർത്തിയാകുന്നതോടെ ജില്ലയിലെ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ പുതിയൊരു പ്രഭാതം വിരിയും. സുരക്ഷിതമായ പാർപ്പിടം എന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന പ്രഖ്യാപനമാണ് ലൈഫ് മിഷനിലൂടെ സർക്കാർ യാഥാർത്ഥ്യമാക്കുന്നത്.

date