നിയമസഭ തിരഞ്ഞെടുപ്പ്: പട്ടികവർഗ ഉന്നതിയിൽ ചായ് പേ ചർച്ച നടത്തി
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വീപ്പ് ഇലക്ഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിൽ ചായ് പേ ചർച്ച സംഘടിപ്പിച്ചു. അസി. കലക്ടറും ജില്ലാ സ്വീപ്പ് കോഓഡിനേറ്ററുമായ ഡോ. എസ് മോഹനപ്രിയ ചർച്ചക്ക് നേതൃത്വം നൽകി.
വോട്ടർ പങ്കാളിത്തം ഉയർത്താൻ വിവിധ സാമൂഹിക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്. ചെമ്പുകടവ് അംബേദ്കർ, വെണ്ടക്കാംപൊയിൽ, വട്ടച്ചിറ എന്നീ ഉന്നതികളിൽ നിന്നുള്ള പട്ടികവർഗ വിഭാഗക്കാരുമായാണ് സംവദിച്ചത്. പോളിങ് സംബന്ധിച്ച ആശങ്കകൾ, വെല്ലുവിളികൾ, സാധ്യതകൾ തുടങ്ങിയവ ചർച്ച ചെയ്തു. ചർച്ചക്ക് മുന്നോടിയായി പരിസരത്തെ ഊരുകളിൽ ഗൃഹസന്ദർശനം നടത്തി വോട്ടർ അവബോധ സന്ദേശങ്ങൾ കൈമാറി.
ജില്ലാ പട്ടികവർഗ വികസന ഓഫീസർ ആർ സിന്ധു, ജില്ലാ സ്വീപ്പ് അസി. നോഡൽ ഓഫീസർ ഡോ. നിജീഷ് ആനന്ദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ് സലീഷ്, സീനിയർ ക്ലർക്ക് അബ്ദുൽ പി റഹീം, പ്രമോട്ടർമാരായ ബോവസ്, ശ്യാം കിഷോർ, ഊരുമൂപ്പൻ അയ്യപ്പൻ, ബിഎൽഒമാർ, ജില്ലാ കലക്ടറുടെ ഇന്റേൺസ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.
- Log in to post comments