*അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: 30 സിലിണ്ടറുകളും ഉപകരണങ്ങളും പിടിച്ചെടുത്തു*
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി താലൂക്കിലെ നടവയൽ പ്രദേശത്തെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 എൽ.പി.ജി സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസർ ജയിംസ് പീറ്ററുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വിവിധ ഓയിൽ കമ്പനികളുടെ 15 ഡൊമസ്റ്റിക് സിലിണ്ടറുകളും 15 കൊമേഴ്‌സ്യൽ സിലിണ്ടറുകളും കണ്ടെത്തിയത്. ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനായി ഉപയോഗിച്ചതായി സംശയിക്കുന്ന ഇലക്ട്രിക് മോട്ടോർ, വാൽവുകൾ, ട്യൂബുകൾ എന്നിവയും പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകൾ കൈവശം വെയ്ക്കുകയും അമിതവിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പരിശോധനയിൽ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം സുമേഷ്, കൽപ്പറ്റ റേഷനിംഗ് ഇൻസ്പെക്ടർ യു. ധന്യ, മീനങ്ങാടി റേഷനിംഗ് ഇൻസ്പെക്ടർ കെ.ബി പ്രസാദ്, പനമരം റേഷനിംഗ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവർ പങ്കെടുത്തു.
- Log in to post comments