കരിപ്പൂരിൽ നിന്നുള്ള യാത്ര മെയ് 17 ന് അവസാനിക്കും
കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്ര പതിനേഴിനു സമാപിക്കും. മെയ് പതിനേഴിന് പുലർച്ചെ 2.20 നാണ് അവസാനത്തെ വിമാനം. ഇതിലേക്കുള്ള തീർത്ഥാടകർ മെയ് പതിനാറിനു രാവിലെ പത്തിന് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യും. പതിനാറിനു ശനിയാഴ്ച പുലർച്ചെ 12.20 ന് പുറപ്പെടുന്ന വിമാനത്തിൽ 17 പുരുഷന്മാരും 126 സ്ത്രീകളും 2.25 ന് പുറപ്പെടുന്ന വിമാനത്തിൽ 65 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.
കണ്ണൂരിൽ നിന്നുള്ള തീർത്ഥാടകരുടെ യാത്ര വ്യാഴാഴ്ച സമാപിച്ചു. പതിമൂന്ന് വിമാനങ്ങളിലായി 1481 പുരുഷന്മാരും 3038 സ്ത്രീകളും ഉൾപ്പടെ 4519 പേരാണ് കണ്ണൂർ വഴി ആകെ യാത്രയായത്. മാഹിയിൽ നിന്നുള്ള 26, കർണ്ണാടകയിൽ നിന്നുള്ള 222, മുംബൈയിൽ നിന്നുള്ള നാല് തീർത്ഥാടകരും ഇതിൽ ഉൾപ്പെടും.
കണ്ണൂരിൽ നിന്നുള്ള തീർത്ഥാടകരുടെ മടക്ക യാത്ര ജൂൺ ഇരുപത്തിയൊന്ന് മുതൽ മുപ്പത് വരെയാണ് . കരിപ്പൂരിൽ നിന്നുള്ളവരുടെ മടക്കം ജൂൺ ഇരുപത്തി മൂന്നിനും കൊച്ചിയിൽ നിന്നും ഷോർട്ട് ഹജ്ജ് വിഭാഗത്തിൽ പുറപ്പെട്ടവരുടെ യാത്ര ജൂൺ പതിനൊന്നിനും മറ്റുള്ളവരുടേത് ജൂൺ പതിമൂന്നിനും ആരംഭിക്കും.
കരിപ്പൂരിലെ യാത്രയയപ്പ് സംഗമങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് , അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, അഡ്വ. പി. മൊയ്തിൻ കുട്ടി, അശ്കർ കോറാട് , പി.അബ്ദു റഹ്മാൻ ഇണ്ണി, അസി.സെക്രട്ടറി ജാഫർ കക്കൂത്ത് എന്നിവർ നേതൃത്വം നൽകി. കൊണ്ടോട്ടി നിയുക്ത എം.എൽ.എ. ടി.പി അഷ്റഫലി ഹജ്ജ് ക്യാമ്പിലെത്തി തീർത്ഥാടകെരെ കണ്ടു. ഹജ്ജ് സെൽ ഓഫീസർ കെ.കെ. മൊയ്തീൻ കുട്ടി നിർദ്ദേശങ്ങൾ നൽകി. തസ്കിയത്ത് സമിതി കോർഡിനേറ്റർ തറയിട്ടാൽ ഹസൻ സഖാഫി, ഊരകം അബ്ദു റഹ്മാൻ സഖാഫി എന്നിവർ ഉദ്ബോധനം നടത്തി.
- Log in to post comments