*കുട്ടികളുടെ ആധാര്‍ മറക്കരുത്; സെപ്റ്റംബര്‍ വരെ ബയോമെട്രിക് പുതുക്കല്‍ സൗജന്യം*
കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ ലഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ആധാര്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ഐ.ടി മിഷന് ഡയറക്ടര്‍ സന്ദീപ് കുമാര്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. എന്നാല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് വിരലടയാളവും കൃഷ്ണമണിയും ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. ഇതിന് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാവും.
അഞ്ച് വയസിലും 15 വയസിലും കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. അഞ്ചു മുതല്‍ 17 വയസുവരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സൗജന്യമാണ്. മാത്രമല്ല കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. വിവിധ സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്കൂള്‍-കോളേജ് അഡ്മിഷനുകള്‍, ഡിജിലോക്കല്‍, അപാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണ്. കൃത്യസമയക്ക് ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ നീറ്റ്, ജെ.ഇ.ഇ, കീം പോലുള്ള പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും ഐ.ടി മിഷന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് വഴിയാണ് വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവുമാണ് ആധാറില്‍ ചേര്‍ത്തിട്ടുള്ളതെന്ന് ഉറപ്പാക്കണം. പുതിയ ആധാര്‍ എടുക്കുന്നതിന് പുറമെ ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും മാറ്റല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. പരാതികള്‍ പരിഹരിക്കാന്‍ സിറ്റിസണ്‍ കോള്‍ സെന്ററുമായി 1800 4251 1800, 0471 23335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വിലാസം കേരള സ്റ്റേറ്റ് ഐ.ടി മിഷന് (ആധാര്‍ സെക്ഷന്‍), 0471 2525442. ഇ-മെയില്‍ uidhelpdesk@kerala.gov.in
- Log in to post comments