Skip to main content
a

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി: പഴകുളം മധു എംഎല്‍എ ഓപ്പറേഷന്‍ തൂഫാന്‍ ശക്തമാക്കുമെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ

റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഴകുളം മധു എംഎല്‍എ. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതിയിലാണ് എംഎല്‍എയുടെ നിര്‍ദേശം.
റാന്നി പാലത്തിനായി ഭൂമിയേറ്റെടുക്കലിന് സ്ഥാപിച്ച നിരവധി അതിര്‍ത്തികല്ലുകള്‍ സ്ഥാനം മാറിയതായും എടുത്തുമാറ്റപ്പെട്ട നിലയിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ യുദ്ധകാലടിസ്ഥാനത്തില്‍ അതിര്‍ത്തികല്ലുകള്‍ പുനസ്ഥാപിച്ച് പാലം നിര്‍മാണവുമായി മുന്നോട്ട് പോകണം. ഉന്നതികളില്‍ അവശ്യസൗകര്യങ്ങള്‍ എത്തുന്നുണ്ടെന്ന് ജില്ല പട്ടികവര്‍ഗ ഓഫീസര്‍ ഉറപ്പാക്കണം. കുറുമ്പന്‍മുഴി നടപ്പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. വലിയ പതാല്‍- ചേത്തയ്ക്കല്‍ പ്രദേശത്തെ പട്ടയവിതരണത്തിന്റെ സാധ്യത പരിശോധിച്ചു. പെരുന്നാട് വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ വേഗത്തിലാക്കണം. വടശ്ശേരിക്കര കുമ്പളത്താമണ്‍ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ സിംഗിള്‍ ലൈന്‍ സൗരോര്‍ജവേലി സ്ഥാപിച്ച് ആനശല്യം കുറച്ചു. ആന ഇറങ്ങുന്നത് തടയാന്‍ വടശേരിക്കരയില്‍ പട്രോളിംഗ് ശക്തമാക്കി. പമ്പ് ആക്ഷന്‍ ഗണ്‍, പടക്കങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് കാട്ടാനാകളെ സുരക്ഷിതമായി വനത്തിലേയ്ക്ക് തിരിച്ചുകയറ്റി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് മുക്കുഴിയില്‍ ഔട്ട് പോസ്റ്റും വടശ്ശേരിക്കര കേന്ദ്രമായി സാറ്റലൈറ്റ് ആര്‍ആര്‍റ്റിയും ആരംഭിച്ചതായി എംഎല്‍എ അറിയിച്ചു.
ലഹരി വില്‍പന തടയുന്നതിന് ഓപ്പറേഷന്‍ തൂഫാന്‍ ശക്തമാക്കുമെന്ന് സി വി ശാന്തകുമാര്‍ എംഎല്‍എ പറഞ്ഞു. പന്തളം, അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഡാന്‍സാഫ്, നാര്‍ക്കോട്ടിക്ക് സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ഈ പ്രദേശത്ത് ജൂണില്‍ മാത്രം 46 തവണ പരിശോധന നടത്തി. അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അടൂര്‍ കോടതി സമുച്ചയതിന്റെ നിര്‍മാണം വിലയിരുത്തി. പന്തളം ബൈപ്പാസുമായി ബന്ധപ്പെട്ട് സര്‍വേ പൂര്‍ത്തിയായി. തുടര്‍നടപടി പുരോഗമിക്കുന്നു. അടൂര്‍ സെന്‍ട്രല്‍ മൈതാനം നവീകരണ പ്രവൃത്തി ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു.
ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് സ്‌കൂബ ടീമിനെ നിയോഗിച്ചതായി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അറിയിച്ചു. ശബരിമല സീസണിന് മുന്നോടിയായി പമ്പയിലേക്ക് എത്തുന്ന പാതയില്‍ സൗരോര്‍ജ ലൈറ്റുകള്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ തെരുവ് നായ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അധ്യക്ഷനായി. എഡിഎം ആര്‍ രാജലക്ഷ്മി, ജില്ല പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: 

ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം

 

date