Skip to main content

*ജില്ലാ കായികമേള: സ്വാഗതസംഘം രൂപീകരിച്ചു*

കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന  ജില്ലാ കായിക മേള നടത്തിപ്പുമായി ബന്ധപ്പെട്ട് അച്ചൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വാഗതസംഘം രൂപീകരണ യോഗം ചേര്‍ന്നു.  ജില്ലാ കായിക മേളയ്ക്ക്  അച്ചൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആതിഥേയത്വം വഹിക്കും. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്, എം.പി പ്രിയങ്ക ഗാന്ധി,  എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, ജില്ലാ പൊലീസ്  മേധാവി  എസ് ദേവമനോഹര്‍ എന്നിവര്‍ രക്ഷാധികാരികളും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്   ടി ഹംസ, അച്ചൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി അനില്‍കുമാര്‍ എന്നിവര്‍ കണ്‍വീനര്‍മാരാണ്.  ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എ  ജലീല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍, വി.എച്ച്.എസ്.ഇ കോ-ഓര്‍ഡിനേറ്റര്‍  ലിജി, എസ്.എസ്.കെ ഡി.പി.സി  നിസാര്‍ കമ്പ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാണ്.  ജില്ലാ പഞ്ചായത്ത്, പൊഴുതന ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ചെയര്‍മാന്‍മാരായും  അധ്യാപക സംഘടന ഭാരവാഹികള്‍ കണ്‍വീനര്‍മാരായും 12 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. അച്ചൂര്‍ ഗവ  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം പൊഴുതന ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി രാമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ  ജെറീഷ് അധ്യക്ഷനായി. കല്‍പ്പറ്റ ഡി.വൈ.എസ്.പി   ടി.എ അഗസ്റ്റിന്‍, എസ്.എസ്.കെ ഡി.പി.സി നിസാര്‍ കമ്പ, വൈത്തിരി എ ഇ ഒ ഡോ. കെ.ടി അഷ്‌റഫ്, പൊഴുതന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജലക്ഷ്മി, വസുമതി, സ്്കൂള്‍ പ്രിന്‍സിപ്പല്‍  അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

 

date