വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ്
സംസ്ഥാനവ്യാപകമായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, ഒഴിവാക്കല്‍, തെറ്റുതിരുത്തല്‍ എന്നിവയ്ക്കായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് നടത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. സജിത്ത് ബാബു ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ഒക്ടോബര്‍ 15 മുതല്‍ 31 വരെ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചു ഫോം വിതരണവും ഡിജിറ്റല്‍ ഹെല്‍പ് ഡെസ്‌ക്കുകളും രൂപീകരിക്കുമെന്ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ അറിയിച്ചു. മുമ്പ് നിലവിലുണ്ടായിരുന്ന അധിക ഡിക്ലറേഷന്‍ ഫോം ഒഴിവാക്കിയതിനാല്‍ അപേക്ഷകര്‍ നിയമപ്രകാരമുള്ള ഫോം ആറ് മാത്രം ഓണ്‍ലൈനായി (സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍/ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി) സമര്‍പ്പിച്ചാല്‍ മതി.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ആധാര്‍ സമര്‍പ്പിക്കുന്നവര്‍ മറ്റൊരു സപ്പോര്‍ട്ടിങ് ഡോക്യുമെന്റ് കൂടി നല്‍കണം. തുടര്‍ന്നുള്ള പരിശോധനകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി 2025 ജനുവരി ഒന്നിന് നിലവില്‍ വന്ന വോട്ടര്‍ പട്ടികയും നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നിലവില്‍ വന്ന വോട്ടര്‍ പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാന്‍ ഇ.ആര്‍.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ എസ്.ഐ.ആര്‍ സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളില്‍ എത്രയെണ്ണം ഇലക്ഷന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാതെയുണ്ട് എന്നതില്‍ ഇ.ആര്‍.ഒ തലത്തില്‍ പരിശോധന നടത്തും. യുവ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടര്‍ അവബോധം നടത്തുന്നതിന്റെ ഭാഗമായി കോളജ്, ഹയര്‍ സെക്കന്‍ഡറി, സ്‌കൂള്‍ തലത്തില്‍ 'ക്യാമ്പസ് ടു ബൂത്ത് എന്ന പേരില്‍ എന്റോള്‍മെന്റ് ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 'സ്‌റ്റെപ് ഫോര്‍വേഡ്, ഗെറ്റ് കൗണ്ടട്' എന്ന ടാഗ് ലൈനോടെ നവംബര്‍ രണ്ട് മുതല്‍ ഏഴ് വരെ ക്യാമ്പസ്, ഹയര്‍ സെക്കന്‍ഡറി, സ്‌കൂള്‍ തലത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന എന്റോള്‍മെന്റ് ഡ്രൈവ് നടത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ വഴി പരമാവധി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് അവബോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
- Log in to post comments