Skip to main content
 പോലീസ് ബാരക്കിന്റെ ഉദ്ഘാടനം

ശബരിമലതീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും പോലീസുകാരുടെ ക്ഷേമത്തിനുമായി വിപുലമായ സജ്ജീകരണങ്ങള്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞു. 

നിലയ്ക്കലില്‍ പുതിയതായി പണികഴിപ്പിച്ച പോലീസ് ബാരക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

2027 ജനുവരി 20 വരെയുള്ള തീര്‍ത്ഥാടന കാലയളവില്‍ ഭക്തര്‍ക്ക് പൂര്‍ണ്ണ സുരക്ഷയും മികച്ച സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

തീര്‍ത്ഥാടന നടത്തിപ്പിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് പോലീസ് ആസൂത്രണം നടത്തിയിട്ടുള്ളത്. എ.ഡി.ജി.പി. (ലോ ആന്‍ഡ് ഓര്‍ഡര്‍) പി. വിജയന്‍ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും.

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 700-ലധികം പോലീസുകാര്‍ക്ക് താമസിക്കാന്‍ കഴിയുന്ന പുതിയ ബാരക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. നിലയ്ക്കലില്‍ സേവനമനുഷ്ഠിക്കുന്ന 1750-ഓളം ഉദ്യോഗസ്ഥര്‍ക്കായി മെസ്സ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിപുലീകരിച്ചു.

 പോലീസുകാരുടെ ലഗേജ് അലവന്‍സ് 300 രൂപയില്‍ നിന്ന് 600 ആയി ഉയര്‍ത്തി. മെസ്സ് ഗ്രാന്റ് പ്രതിദിനം 90 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 3.60 കോടി രൂപ അനുവദിച്ചു എന്നും മന്ത്രി അറിയിച്ചു

 നിയന്ത്രണത്തിനായി നിലയ്ക്കലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  അടിസ്ഥാനമാക്കിയുള്ള 'സ്മാര്‍ട്ട് പാര്‍ക്കിംഗ്' സൗകര്യം നടപ്പിലാക്കും. ഇതിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

 ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന ഭക്തരുടെ കുട്ടികള്‍ തിരക്കില്‍ കൂട്ടം തെറ്റിപ്പോകുന്നത് തടയാനും അവരെ എളുപ്പത്തില്‍ കണ്ടെത്താനുമായി കൈകളില്‍ റിസ്റ്റ് ടാഗ് ഘടിപ്പിക്കുന്ന പദ്ധതിക്കായി 13 ലക്ഷം രൂപ വകയിരുത്തി.

 തീര്‍ത്ഥാടന കാലത്തെ ക്രമസമാധാനത്തിനായി സന്നിധാനം, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ താല്‍ക്കാലിക പോലീസ് സ്റ്റേഷനുകള്‍ സജമാക്കും. വടശ്ശേരിക്കരയില്‍ സ്ഥിരം പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

സുരക്ഷാ സന്നാഹങ്ങള്‍: പ്രധാന പരമ്പരാഗത പാതകളിലും ഇടത്താവളങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. ആന്റി-സബോട്ടേജ് ചെക്കിംഗ്, ക്രൗഡ് മാനേജ്മെന്റ് ബാരിക്കേഡുകള്‍, സി.സി.ടി.വി. നിരീക്ഷണം, ശക്തമായ ഇന്റലിജന്‍സ് നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്തര്‍ക്ക് ആത്മീയ അനുഭൂതി പകരുന്ന സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും ഗവണ്‍മെന്റും  പോലീസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പഴകുളം മധു എം എല്‍ എ അധ്യക്ഷനായി. ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി (ക്രമസമാധാനം) യും ശബരിമല പോലീസ് നോഡല്‍ ഓഫീസറുമായ പി വിജയന്‍, എഡിജിപി (ഇന്റലിജിന്‍സ് ) ദിനേന്ദ്ര കശ്യപ്, ദക്ഷിണമേഖല ഐ ജി പി പ്രകാശ്, പത്തനംതിട്ട ജില്ലാ കല്ലക്ടര്‍ എ നിസാമുദ്ദീന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, പത്തനംതിട്ട എസ് പി ആര്‍ ആനന്ദ്, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍കുമാര്‍, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date