Skip to main content
ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പിൽ നിന്ന്

*മാതൃക ടൗണ്‍ഷിപ്പ് മേല്‍വിലാസമാക്കാന്‍ ഇനി 149 കുടുംബങ്ങള്‍*

 മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന മാതൃകാ ടൗണ്‍ഷിപ്പ് മേല്‍വിലാസത്തിലേക്ക് ഇനി 149 കുടുംബങ്ങള്‍ക്ക് കൂടി. നറുക്കെടുപ്പ് വേദിയിലെത്തിയ ഓരോ മനുഷ്യരുടെയും മുഖത്ത് വേരറ്റുപോയ ജീവിതത്തിന് വീണ്ടുമൊരു അടിത്തറ ലഭിച്ചതിന്റെ ആശ്വാസവും പ്രതീക്ഷയുമായിരുന്നു. ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി, അപ്പീല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവര്‍ക്കാണ് രണ്ടാംഘട്ട നറുക്കെടുപ്പിലൂടെ വീട് ലഭിച്ചത്. സോണ്‍ ഒന്നില്‍ 23 വീടുകളും സോണ്‍ മൂന്നില്‍ ആറ് വീടുകളും സോണ്‍ നാലില്‍ 14 വീടുകളും സോണ്‍ അഞ്ചില്‍ 106 വീടുകളുമാണ് രണ്ടാം ഘട്ടത്തില്‍ കൈമാറിയത്. 

മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ രണ്ടാംഘട്ട നറുക്കെടുപ്പിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒന്ന് മുതല്‍ 149 വരെയുള്ള സീരിയല്‍ നമ്പറുകള്‍  ക്രമത്തിലാണ് ഗുണഭോക്താക്കള്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചത്. ഹാളില്‍ സജ്ജീകരിച്ച ചില്ലുപെട്ടിയില്‍ നിന്നും ഗുണഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന ലോട്ടില്‍ ആദ്യ ഭാഗത്ത് സോണ്‍ നമ്പറും രണ്ടാമതായി ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ക്ലസ്റ്റര്‍ വിവരങ്ങളും മൂന്നാമതായി വീടിന്റെ സീരിയല്‍ നമ്പറുമായിരുന്നു രേഖപ്പെടുത്തിയത്. നറുക്കെടുപ്പില്‍ റവന്യൂ-കൃഷി വകുപ്പ് മന്ത്രിമാരുടെയും ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആദ്യം നറുക്കെടുത്തത് ചൂരല്‍മല എടത്തറ വീട്ടില്‍ മജീദായിരുന്നു.  സോണ്‍ അഞ്ചിലെ ബി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 332 വീട്ട് നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചത്.  നറുക്കെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം ഗുണഭോക്താക്കള്‍ ലഭിച്ച വീടിന്റെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ജില്ലാ ഭരണകൂടം  കൗണ്ടര്‍ സജ്ജമാക്കിയിരുന്നു. 

ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകളും സേവനങ്ങളും ഉറപ്പാക്കാന്‍ അക്ഷയ, കെ.എസ്.ഇ.ബി, ഭക്ഷ്യവകുപ്പ്, ജല അതോറിറ്റി, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ 16 കൗണ്ടറുകളുംസജ്ജമാക്കിയിരുന്നു. ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തിരുത്തല്‍, റേഷന്‍ കാര്‍ഡിലെ മേല്‍വിലാസം തിരുത്തല്‍, കെട്ടിട നമ്പര്‍, വൈദ്യുതി-കുടിവെള്ള കണക്ഷനുകള്‍ എന്നിവ ലഭ്യമാക്കാന്‍ കൗണ്ടറുകളിലൂടെ സഹായം ഒരുക്കി. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരന്ത ബാധിതരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറും പ്രവര്‍ത്തിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ രജിസ്ട്രേഷന്‍ കൗണ്ടര്‍, റവന്യൂ വകുപ്പിന്റെ അന്വേഷണ കൗണ്ടര്‍, വെരിഫിക്കേഷന്‍ കൗണ്ടര്‍ ആരോഗ്യ വകുപ്പിന്റെ സേവനവും ഓഡിറ്റോറിയത്തില്‍ ഉറപ്പാക്കി. നറുക്കെടുപ്പിന് എത്തിയവര്‍ക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം, ചായ, ലഘുഭക്ഷണം,ഉച്ച ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

date