Skip to main content

*നഷ്ടപ്പെട്ടത് സ്വപ്നവീട്; മല്ലികയ്ക്ക് ടൗണ്‍ഷിപ്പില്‍ പുതുജീവിതം*

 

ചൂരല്‍മലയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു മല്ലികയും കുടുംബവും. എന്നാല്‍ ആ സ്വപ്‌നത്തിന് 2024-ലെ ഉരുള്‍ ദുരന്തം വഴിമുടക്കി. വീട് നിര്‍മാണം പൂര്‍ത്തിയായെങ്കിലും താമസിക്കാനുള്ള ഭാഗ്യം മല്ലികയ്ക്കും കുടുംബത്തിനും ലഭിച്ചില്ല. നിലവില്‍ ചുണ്ടയില്‍ വാടകവീട്ടില്‍ കഴിയുന്ന മല്ലികയ്ക്ക് ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട് ജീവിതത്തിലെ പുതിയ പ്രതീക്ഷയാണ്. അഞ്ചാം സോണിലെ ഡി ക്ലസ്റ്ററിലാണ് നറുക്കെടുപ്പിലൂടെ മല്ലികയ്ക്ക് 538-ാമത്തെ വീട് ലഭിച്ചത്.  കെട്ടിട നിര്‍മാണ തൊഴിലാളിയായ മകനോടും ഭര്‍ത്താവിനോടുമൊപ്പം പുതിയ വീട്ടില്‍ താമസിക്കാനുള്ള ഒരുക്കത്തിലാണ് മല്ലിക. സ്വന്തമായി പണിത വീട്ടില്‍ താമസം തുടങ്ങാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്താല്‍ മല്ലികയുടെ വാക്കുകള്‍ ഇടറി. വീട് പണിതപ്പോള്‍ അവിടെ താമസിക്കണമെന്ന വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ ദുരന്തം ആ സ്വപ്നം തകര്‍ത്തു. ദുരന്തത്തോടെ അയല്‍ക്കാരും പരിചയക്കാരുമെല്ലാം പല സ്ഥലങ്ങളിലായി അകന്നുപോയി. ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ദൂരങ്ങളിലേക്ക് മാറിയത് വലിയ നഷ്ടമായി. ടൗണ്‍ഷിപ്പില്‍ പരിചയമുള്ളവരില്‍ ചിലര്‍ സമീപത്തുണ്ടെന്നത് ആശ്വാസമാണെന്ന് മല്ലിക പറയുന്നു. പുതിയൊരു തുടക്കത്തിനായുള്ള പ്രതീക്ഷയിലാണ് മല്ലികയും കുടുംബവും.

date