*വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; മൊയ്തീന് സ്വന്തം വീടായി*
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോയ മൊയ്തീന് ടൗണ്‍ഷിപ്പില്‍ സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. 1977 മുതല്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന മൊയ്തീന്‍ ജീവിതത്തില്‍ ആദ്യമായാണ് സ്വന്തമായി ഒരു വീടിന് ഉടമയാകുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പില്‍ നടന്ന രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പിലാണ് ഭാര്യ ആസിയയുടെ പേരില്‍ മൊയ്തീന് വീട് ലഭിച്ചത്. നേരത്തെ കമ്പനി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന മൊയ്തീന്‍ ദുരന്തത്തിനുശേഷം കോട്ടവയലില്‍ വാടകയ്ക്കാണ് കഴിയുന്നത്. കമ്പനിയുടെ സ്റ്റോര്‍ റൂമായി ഉപയോഗിച്ചിരുന്ന കെട്ടിടമായിരുന്നു ഇവരുടെ താമസസ്ഥലം. അട്ടമല ഭാഗത്തെ എസ്റ്റേറ്റ് ഓഫീസിലായിരുന്നു മൊയ്തീന്റെ ജോലി. മകളായ നസീമയാണ് മൊയ്തീനെയും ഭാര്യ ആസിയയെയും നിലവില്‍ പരിചരിക്കുന്നത്. ടൗണ്‍ഷിപ്പില്‍ സോണ്‍ ഒന്നിലെ എ ക്ലസ്റ്ററില്‍ മൂന്നാമത്തെ വീടാണ് ആസിയയ്ക്ക് ലഭിച്ചത്. കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി മകന്റെ ഭാര്യ നജ്മയ്ക്കും വീടു ലഭിച്ചിട്ടുണ്ട്. അഞ്ചാം സോണിലെ ഡി ക്ലസ്റ്ററില്‍ 362-ാം നമ്പര്‍ വീടാണ് നജ്മയ്ക്ക് അനുവദിച്ചത്. ടൗണ്‍ഷിപ്പ് നിരവധി കുടുംബങ്ങള്‍ക്കാണ് പുതത്തന്‍ പ്രതീക്ഷ നല്‍കുന്നതെന്ന് മൊയ്തീന്‍ പറഞ്ഞു.
- Log in to post comments