സര്‍ക്കാരിന്റെ ആയിരം ദിനം: വികസന വാര്‍ത്തകള്‍ തൊഴിലന്വേഷകര്‍ക്ക് പ്രതീക്ഷ: ആയിരം ദിനങ്ങളില്‍ 2150 നിയമനങ്ങള്‍ നല്‍കി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ്
വിദ്യാഭ്യാസത്തിനു ശേഷം ജോലിക്കായി നെട്ടോട്ടമോടുന്ന യുവാക്കള്‍ക്കും പ്രത്യേക പരിഗണനാ വിഭാഗമായ ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നാഷനല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ്. സ്ഥിര-താത്കാലിക തസ്തികകളിലായി 2150 നിയമനങ്ങളാണ് ജില്ലയില്‍ ഇതുവരെയായി നടന്നത്.
സര്‍ക്കാരിന്റെ ആയിരം ദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം, മത്സര പരീക്ഷാ പരിശീലനം, സ്വയംതൊഴില്‍ വായ്പ, സ്വകാര്യ മേഖലകളെയും ഉള്‍പ്പെടുത്തിയുള്ള തൊഴില്‍ മേളകള്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നാഷനല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് ലഭിക്കുന്നത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുച്ചയവും രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയ 2016 മുതല്‍ 2018 വരെ കാലയളവിലുള്ളവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പുതുക്കല്‍ ഉത്തരവും സര്‍ക്കാരിന്റെ ആയിരം ദിന പ്രവര്‍ത്തനങ്ങളി്ല്‍ ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടത്തിയ നിയുക്തി മെഗാ ജോബ് ഫെയറില്‍ 200 ലധികം സ്വകാര്യ കമ്പനികള്‍ പങ്കെടുത്തുവെന്നതും വകുപ്പില്‍ പേര് രജിസറ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
എംപ്ലോയബിലിറ്റി സെന്റര്‍
ഇതാദ്യമായാണ് സ്വകാര്യ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസിന് കീഴില്‍ തൊഴിലവസരങ്ങള്‍ വിപുലമാക്കുന്നതിന് എംപ്ലോയബിലിറ്റി സെന്റര്‍ ആരംഭിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനായി 2018 ജനുവരിയിലാണ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെയായി 5400 ഉദ്യോഗാര്‍ത്ഥികളാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 488 ഉദ്യാഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
സര്‍ക്കാരിന്റെ ആയിരം ദിനത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് 2017 മാര്‍ച്ചില്‍ നിലവില്‍ വന്ന നാഷനല്‍ എംപ്ലോയ്മെന്റ് സേവനങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനം. ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍, കാര്‍ഡ് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കിയതിലൂടെ ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും തങ്ങളുടെ വീട്ടിലിരുന്നോ മൊബൈല്‍ ഫോണ്‍ വഴിയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമായി. ഇതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടിരുന്ന യാത്രാ ക്ലേശവും ഓഫീസുകളിലെ നീണ്ട ക്യൂ നില്‍ക്കലിനും ശാശ്വത പരിഹാരമായി.
കരിയര്‍ ഗൈഡന്‍സ്
ജനറല്‍ വിഭാഗം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, വിമുക്തഭട•ാരുടെ ആശ്രിതര്‍ എന്നിവര്‍ക്കായുള്ള മത്സര പരീക്ഷാ പരിശീലനം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ എന്നിവ വകുപ്പിന് കീഴില്‍ നടപ്പിലാക്കി. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനത്തില്‍ 50 ലധികം പേര്‍ യോഗ്യത പരീക്ഷ പാസായി എന്നതും വകുപ്പിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്.
സ്വയംതൊഴില്‍ വായ്പകള്‍
വിധവകള്‍, വിവാഹമോചിതര്‍, 35 തികഞ്ഞ അവിവാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ എന്നിവര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പയായ ശരണ്യ പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനിടെ 1003 പേര്‍ക്കായി 5.3 കോടി രൂപയാണ് അനുവദിച്ചത്. ശരണ്യ പദ്ധതി കൂടാതെ മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്, കെസ്റ്റ എന്നിവയും ഭിന്നശേഷിക്കാര്‍ക്കായി കൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയും നടപ്പിലാക്കി വരുന്നു. 318 കെസ്റ്റ് ഗുണഭോക്താക്കള്‍ക്കായി 63,60,000 രൂപയും 40 മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബുകള്‍ക്കായി 72 ലക്ഷം രൂപയുമാണ് ജില്ലയില്‍ അനുവദിച്ചത്. കൂടാതെ 23 കൈവല്യ സ്വയം തൊഴില്‍ സംരംഭങ്ങളും ജില്ലയില്‍ ഉണ്ട്.
- Log in to post comments