പുതുജീവിതത്തിന്റെ തണല്‍ തേടി അനില്‍
പ്രളയത്തെ അതിജീവിച്ച് പുതുജീവിതത്തിനായി തണലൊരുക്കുന്ന തിരക്കിലാണ് ആറന്മുള ഏഴിക്കാട് നിവാസിയായ അനില്‍ വെട്ടിക്കല്‍. കേരളത്തിന്റെ പുനര്‍നിര്‍മിതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കരുതലില്‍ പുതിയ വീട് പൂര്‍ത്തീകരണത്തിലേക്ക് ചുവടുവെക്കുമ്പോള്‍ അനില്‍ നിറഞ്ഞ മനസോടെയാണ് സര്‍ക്കാരിന് നന്ദി പറയുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ അനിലിന്റെ അഞ്ച് സെന്റിലെ ചെറിയ വീട് കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും നശിച്ചുപോയിരുന്നു. ഒരു മാസത്തോളം സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് രോഗിയായ ഭാര്യയും പറക്കമുറ്റാത്ത മക്കളുമായി അനില്‍ താമസിച്ചത്. ക്യാമ്പില്‍ നിന്നും തിരികെയെത്തിയ അനിലിനെ സ്വീകരിച്ചത് പ്രളയത്തിന്റെ അവശേഷിപ്പുകളായി തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളാണ്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന അനില്‍ പക്ഷേ തോറ്റുകൊടുക്കാന്‍ തയാറായില്ല. സ്വന്തമായി ഒരു ചെറിയ കിടപ്പാടം വേഗത്തില്‍ തട്ടിക്കൂട്ടി അതില്‍ അനിലും കുടുബവും താമസം ആരംഭിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരളയില്‍ അനിലിന് പുതിയ വീട് ഒരുങ്ങുമ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാകുകയാണ് അനില്‍. മേസ്തിരി പണികള്‍ക്ക് കയ്യാളായി നിന്നുകൊണ്ട് വീടിന്റെ പണികള്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമത്തിലാണ് അനിലിപ്പോള്‍. ഭിത്തി കെട്ട് കഴിഞ്ഞ് മേല്‍ക്കൂരയുടെ വാര്‍പ്പ് പണികള്‍ക്കായി തട്ട് കെട്ടുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ ആഴ്ചയോടെ വാര്‍പ്പ് നടത്താനുള്ള തയാറെടുപ്പിലാണ് അനിലും സഹായികളും. സര്‍ക്കാര്‍ അനുവദിച്ച തുക ഗഡുക്കളായി ബാങ്കില്‍ നിന്നും ലഭ്യമാകുന്നത് പണികള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കുന്നുണ്ടെന്ന് അനില്‍ പറയുന്നു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാതൃകയില്‍ നിന്നുകൊണ്ട് തന്റേതായ ശൈലിയില്‍ വീടിന് അലങ്കാര മേമ്പോടികള്‍ ചാര്‍ത്തി കാഴ്ചയില്‍ വ്യത്യസ്തമായ വീടാണ് അനില്‍ നിര്‍മിക്കുന്നത്. പ്രളയത്തെ അതിജീവിച്ച അതേ കരുത്തോടെ തന്റെ പുതിയ വീട്ടില്‍ സര്‍ക്കാര്‍ കരുതലില്‍ പുതുജീവിതം സ്വപ്നം കാണുകയാണ് അനിലും കുടുംബവും.
(പിഎന്‍പി 543/19)
- Log in to post comments