Skip to main content

വരുമാനവര്‍ദ്ധനവിന് മുന്‍തൂക്കം നല്‍കി ഇലന്തൂര്‍ പഞ്ചായത്ത് ബജറ്റ്

 

വരുമാനവര്‍ദ്ധനവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്. പശ്ചാത്തല സൗകര്യങ്ങള്‍, വീട് മെയിന്റനന്‍സ്, തെരുവു വിളക്ക് പരിപാലനം, സാമൂഹ്യ സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2019-20 ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട ബജറ്റ് പൊതുജന ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു പറഞ്ഞു. വസ്തുനികുതി, തൊഴില്‍ നികുതി, വാടക, ലൈസന്‍സ് ഫീസ് എന്നിവയെല്ലാം പൊതുജനക്ഷേമത്തിനായി ചിലവഴിക്കും. കൂടാതെ സര്‍ക്കാരില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന ആനുകുല്യങ്ങളും ജനക്ഷേമത്തിനും വികസനത്തിനുമായാണ് വകയിരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മാര്‍ക്കറ്റിലും പഞ്ചായത്ത് സ്റ്റേഡിയത്തിലും ഷോപ്പിംഗ് കോംപ്ലക്സുകള്‍  നിര്‍മിക്കും. ഇതിനായി ഒന്നാംഘട്ടമായി ഒരു കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്ത് ഒരു ബഡ്സ് സ്‌കൂള്‍ ആരംഭിക്കുന്നതിന്റെ ഒന്നാം ഘട്ടമായി കെട്ടിടനിര്‍മാണം തുടങ്ങുന്നതിന് 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍ബാക്കി ഉള്‍പ്പടെ 116,212,594 രൂപാ വരവും 114,549,439 രൂപാ ചെലവും കണക്കാക്കിയിട്ടുള്ള ബജറ്റില്‍ 1,663,155 രൂപായുടെ മിച്ചമാണ് ലഭ്യമായിട്ടുള്ളത്. കൂടാതെ, ജനറല്‍ ഉല്‍പ്പാദന മേഖല-31,17,900  രൂപ, ജനറല്‍ സേവന മേഖല - 91,33,450  രൂപ ,  ജനറല്‍ പശ്ഛാത്തല മേഖല- 2,89,74,000 രൂപ, പട്ടികജാതി വിഭാഗം സേവനമേഖല - 4615300 രൂപ, പട്ടികജാതി വിഭാഗം പശ്ചത്തല മേഖല -19497000 രൂപ, പട്ടിക വര്‍ഗ്ഗ വിഭാഗം സേവന മേഖല -  220000 രൂപ, ആകെ പദ്ധതി വകയിരുത്തലുകള്‍- 480,10,350 രൂപ എന്നിങ്ങനെയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന തുകകള്‍. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് മിനി ജോണ്‍ ബജറ്റ് അവതരിപ്പിച്ചു.

          (പിഎന്‍പി 574/19)

date