ഓട്ടന്‍തുള്ളലിലൂടെ ഒരു ബോധവല്‍ക്കരണം
സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഓട്ടന്‍തുള്ളലിലൂടെ ബോധവത്കരണവുമായി സിവില്‍ എക്സൈസ് ഓഫീസറായ വി ജയരാജ്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ശബരിമല ഇടത്താവള ത്തിലൊരുക്കിയ പ്രദര്‍ശന വിപണന മേളയിലാണ് വേറിട്ട വിരുന്നുമായി ജയരാജ് എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി മിഷന്റെ ഭാഗമായി ജീവിതം തന്നെ ലഹരിയെന്ന സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് മുന്നില്‍ നൃത്തരൂപത്തിലൂടെ കാണിച്ചു കൊടുക്കുന്നത്.
എറണാകുളം റേഞ്ച് ഓഫീസറായ ഈ നാല്പ്പത്തിനാലുകാരന് കലയുടെ യാതൊരു പാരമ്പര്യവുമില്ലാതെയാണ് ഒരു വര്‍ഷം മുന്‍പ് കലാരംഗത്ത് ചുവടുറപ്പിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്കൂളുകള്‍, കോളജുകള്‍ തുടങ്ങി മുപ്പത് വേദികളില്‍ അദ്ദേഹം ലഹരിക്കെതിരെ പരിപാടികള്‍ സംഘടിപ്പിച്ചു. ഓട്ടന്തുള്ളലിനുള്ള പാട്ട് അദ്ദേഹം സ്വയം ചിട്ടപ്പെടുത്തിയതാണ് വേദികളില്‍ അവതരപ്പിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥനായ താങ്കള്‍ക്ക് ലഹരിക്കെതിരെ എന്തെങ്കിലും ചെയ്തു കൂടെ എന്ന് കൂട്ടുകാരനായ രമേശിന്റെ ഒരു ചോദ്യമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ജയരാജ് പറയുന്നു. അന്ന് മുതല്‍ തന്റെ ജീവിതം ലഹരിക്കെതിരെ പോരാടാനുള്ളതാണെന്ന് മനസിലാക്കുകയും, അതിലേക്ക് തിരിയുകയും ചെയ്തതെന്ന് അഭിമാനത്തോടെ ജയരാജ് പറയുന്നു. ഓട്ടന്തുള്ളലില് ആലപ്പുഴ വയലാര്‍ സന്തോഷാണ് ഗുരു. എറണാകുളം സ്വദേശിയായ ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. കുടുംബത്തിന്റെയും, സഹപ്രവര്‍ത്തകരുടേയും പൂര്‍ണപിന്തുണ ജയരാജിനുണ്ട്.
(പിഎന്‍പി 697/19)
- Log in to post comments