Skip to main content

ആയിരം ദിനങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍ - ചിറ്റയം ഗോപകുമാര്‍ എംഎല്‍എ 

 

ആയിരം ദിനങ്ങള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഉടനീളം സൃഷ്ടിച്ചത് വിപ്ലവകരമായ മാറ്റങ്ങളാണെന്ന്  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി അടൂര്‍ നിയോജകമണ്ഡലതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  എംഎല്‍എ. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍, സാധരണക്കാര്‍, കര്‍ഷക തൊഴിലാളികള്‍ അടക്കമുള്ള മുഴുവന്‍ ജനങ്ങളോടും കടമയും കടപ്പാടും പ്രകടിപ്പിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രളയ സമയത്തുണ്ടായ നഷ്ടങ്ങള്‍ നികത്തുന്നതില്‍ സര്‍ക്കാര്‍ 100 ശതമാനം നീതി പുലര്‍ത്തിയാണ് മുന്നോട്ട് പോകുന്നതെന്നും  അദ്ദേഹം പറഞ്ഞു.

അടൂര്‍ ആര്‍ഡിഒ എം.എ.റഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.സതികുമാരി, റ്റി.മുരുകേശ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍.ഷീല തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണമികവിന്റെ നേര്‍സാക്ഷ്യം ജനങ്ങളില്‍ എത്തിക്കുന്നതിനായി അടൂര്‍ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി മുടിപ്പുര രേവതി ആഡിറ്റോറിയത്തില്‍  മൂന്ന് ദിവസങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.  

                   (പിഎന്‍പി 704/19)

date