Skip to main content

മൂലൂര്‍ ജയന്തി ആഘോഷം ഇന്ന് (27) മുതല്‍

 

സരസകവി മൂലൂരിന്റെ 150-ാം ജയന്തിയും കവിരാമായണ രചനയുടെ 125-ാം വാര്‍ഷികാഘോഷവും ഇന്ന് (27) മുതല്‍ മാര്‍ച്ച് നാല് വരെ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വൈദ്യുതി മന്ത്രി എം.എം.മണി നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി വിശിഷ്ടാതിഥി ആകും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനന്‍ പുസ്തകസ്വീകരണവും മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, മൂലൂര്‍ സ്മാരകം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി.രാജഗോപാലന്‍, സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി ഏഴ് മുതല്‍ മൂലൂര്‍ വിപഞ്ചിക കലാപരിപാടികള്‍ അവതരിപ്പിക്കും. 

കേരള നവോത്ഥാനത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മൂലൂരിന്റെ വിവിധ കര്‍മ്മമണ്ഡലങ്ങളെ ഓര്‍മിപ്പിക്കുന്ന സമ്മേളനങ്ങളും പ്രഭാഷണങ്ങളും ചര്‍ച്ചകളും കലാപരിപാടികളുമാണ് ഓരോ ദിവസവും നടക്കുന്നത്. 28ന് വൈകിട്ട് മൂന്നിന് മൂലൂരും ശ്രീനാരായണ പ്രസ്ഥാനങ്ങളും എന്ന വിഷയത്തിലുള്ള സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍ അധ്യക്ഷത വഹിക്കും. വൈകിട്ടി ഏഴിന് ഡോ. വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ കഥാപ്രസംഗാവിഷ്‌കരണം മാതംഗി നടക്കും. മാര്‍ച്ച് ഒന്നിന് വൈകിട്ട് മൂന്നിന് കേരള നവോത്ഥാന സ്മൃതി സമ്മേനം മലയാളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സുജാ സൂസന്‍ ജോര്‍ജ് നിര്‍വഹിക്കും. ബുക്ക്മാര്‍ക്ക് കേരള സെക്രട്ടറി എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് വെണ്‍മ പ്രഭാഷ് അവതരിപ്പിക്കുന്ന നാട്യസന്ധ്യ അരങ്ങേറും. മാര്‍ച്ച് രണ്ടിന് മൂലൂരും മഹാത്മാ അയ്യങ്കാളി, കുറുമ്പന്‍ ദൈവത്താന്‍, ടി.ടി കേശവശാസ്ത്രി തുടങ്ങിയവരും എന്ന സമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായര്‍ അധ്യക്ഷത വഹിക്കും. മാര്‍ച്ച് മൂന്നിന് രാവിലെ പത്തിന് മൂലൂരും പ്രാദേശികവികസനവും സെമിനാര്‍ മുന്‍ എംപി സി.പി നാരായണന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫീലിപ്പോസ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ വിമല്‍രാജ് വിശിഷ്ടാതിഥിയാകും. മാര്‍ച്ച് മൂന്നിന് വൈകിട്ട് മൂന്നിന് മൂലൂര്‍:സമരകവിയും വിവര്‍ത്തകനും സമ്മേളനം ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് പന്തളം ഗ്രാമീണ നാടകശാല അവതരിപ്പിക്കുന്ന നാടകം കനല്‍സൂര്യന്‍ അരങ്ങേറും. 

മാര്‍ച്ച് നാലിന് രാവിലെ പത്തിന് നടക്കുന്ന കവിസമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണ സമ്മേളനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗം ചെയര്‍മാന്‍ കെ.വി സുധാകരന്‍, മുന്‍ എംഎല്‍എ എ.എന്‍ രാജന്‍ബാബു, റവ.ഡോ മാത്യു ഡാനിയേല്‍, കെ. ആര്‍ സുശീല തുടങ്ങിയവര്‍ പങ്കെടുക്കും. 

date