ആയിരംദിനാഘോഷം: സംഗീതസാന്ദ്രമായി സായം സന്ധ്യ
വാദ്യങ്ങളില്‍ സംഗീത സാന്ദ്രമായ സന്ധ്യ സമ്മാനിച്ചു കരുനാഗപ്പള്ളി ഗിരീഷും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലാണ് വാദ്യഗാനമേള അരങ്ങേറിയത്. കരുനാഗപ്പള്ളി സ്വരലയിലെ വാദ്യകലാകാരന്മാര് അവതരിപ്പിച്ച വാദ്യഗാനമേള ആസ്വാദക ഹൃദയം കീഴടക്കി. വാദപിയില് ആരംഭിച്ച് തു ചീസ് ബഡിഹേ മസ്ത എന്ന ബോളിവുഡ് സംഗീതത്തിന്റെ മാസ്മരികത കൂടി ആയപ്പോള്‍ ആസ്വാദകര്‍ക്ക് അതൊരു നവ്യാനുഭവമായി.
അന്തരിച്ച അതുല്യ വയലിന് പ്രതിഭ ബാലഭാസ്കറെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിരവധി പാട്ടുകള്‍ കോര്‍ത്തിണക്കിയ ഫ്യൂഷന്‍ വേറിട്ട അനുഭവമാണ് ആസ്വാദകര്‍ക്ക് ഒരുക്കിയത്. കര്‍ണാടിക്ക്, നാടക ഗാനങ്ങള്‍, സിനിമാഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ 25 ഓളം ഗാനങ്ങള്‍ അവതരിപ്പിച്ചു. കരുനാഗപ്പള്ളി ഗിരീഷും, ഹരിപ്പാട് ശ്രീനിവാസനും വയലിനിലും ഓടകുഴലിലും ശബ്ദ വിസ്മയം തീര്‍ത്തപ്പോള്‍, അമ്പലപ്പുഴ മനോജ്, കൊല്ലം അനില്‍കുമാര്‍, ശാസ്താംകോട്ട സന്തോഷ് എന്നിവര്‍ മൃദംഗത്തിലും തബലയിലും, തകിലിലും താള വിസ്മയം തീര്‍ത്തു. അഖില്‍രാജിന്റെ നാദസ്വരവും, രാജീവിന്റെ കീബോര്‍ഡും, സിദ്ദിഖിന്റെ റിഥം പാഡും, ജയ്പ്രകാശിന്റെ മുഖര്‍ശംഖും വിരലുകള്‍ കൊണ്ട് മാന്ത്രികത സൃഷ്ടിച്ചപ്പോള്‍ സംഗീത നിശക്ക് കൊഴുപ്പ് കൂടി. പഴയ പാട്ടുകള്‍ കോര്‍ത്തിണക്കിയ റീമിക്സ് ഗാനങ്ങളോട് കൂടിയാണ് വാദ്യഗാനമേള അവസാനിച്ചത്.
- Log in to post comments