Skip to main content

കുട്ടികളുടെ അവകാശസംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സെമിനാര്‍ 

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ശബരിമല ഇടത്താവളത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി യായിരുന്നു സെമിനാര്‍.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ചടയമംഗലം എം എല്‍ എ മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ഇതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. ബാലാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ പാലിക്കപ്പെ ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെ മനസില്‍ നല്ല കാര്യങ്ങള്‍ എത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇതില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് വളരെ വലുതാണ്. സൂഹത്തിലെ പ്രശന്ങ്ങളെ ആഴത്തില്‍ മനസിലാക്കി അത് പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിയണമെന്നും എംഎല്‍എ പറഞ്ഞു. അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിവയാണ് കുട്ടികളുടെ പ്രധാന അവകാശങ്ങള്‍. ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം സദാ ജാഗരൂകരായി നില്‍ക്കേണ്ടതുണ്ട്.

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുക്കണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന് മുന്‍പ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കണം. കൂടാതെ നന്‍മയുടെ ശുദ്ധവായു ശ്വസിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനുള്ള അന്തരീക്ഷം നാം സൃഷ്ടിക്കണം. കുട്ടിക്കാലത്ത് തന്നെ കുഞ്ഞുങ്ങള്‍ക്ക് സ്നേഹവും പരിചരണവും ലഭിക്കണം. ബാല്യകാലത്ത് ലഭിക്കുന്ന കരുതല്‍ വ്യക്തിത്വരൂപീകരണത്തില്‍ പ്രധാനമാണ്. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ജനാധിപത്യ വത്കരണം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം നല്‍കുക എന്നത് രാജ്യത്തിന്റെ കടമയാണ്.കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായി, അവരുടെ സാര്‍വലൗകികമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളും ചട്ടങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുന്നത് വളരെ സ്വാഗതാര്‍ഹമാണെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം പറഞ്ഞു. കുട്ടികള്‍ രാജ്യത്തിന്റെ അമൂല്യമായ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടനവധി പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. കുട്ടികള്‍ക്കുവേണ്ടി മുതല്‍മുടക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്റെ ഭാവിക്ക് പ്രയോജനം ചെയ്യും. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഇന്‍ഡ്യന്‍ ഭരണഘടനയും ഐക്യരാഷ്ട്രസഭയും ഇത് ശരിവയ്ക്കുകയും ഇതിനായി നിയമനിര്‍മാണങ്ങളും ഉടമ്പടികളും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മനസിലാക്കുവാനും ഇതിനായി ചൈല്‍ഡ്‌ലൈന്‍ നല്‍കുന്ന സേവനങ്ങള്‍ തിരിച്ചറിയാനും അവശ്യസന്ദര്‍ഭങ്ങളില്‍ കുട്ടികളെ സഹായിക്കുവാനും ഓരോ പൗരനും കടമയുണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒട്ടനവധി നിയമങ്ങളും നയങ്ങളും പരിപാടികളും നിലവില്‍ വന്നിട്ടുണ്ട്. ഫാക്ടറി നിയമം, ഖനി നിയമം, വിദ്യാഭ്യാസ നിയമം, കുട്ടികളുടെ ദേശീയനയം, ദേശീയ ആരോഗ്യനയം, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ദേശീയനയം, അസന്മാര്‍ഗിക വ്യാപാരം തടയല്‍ നിയമം, ബാലവേല നിരോധന നിയമം, ബാലനീതി നിയമം എന്നിവ കൂടാതെ സംയോജിത ശിശുവികസന പരിപാടി, സര്‍വശിക്ഷാ അഭിയാന്‍, നിര്‍ഭയ, ചൈല്‍ഡ് ലൈന്‍, സംയോജിത ശിശു സംരക്ഷണ പരിപാടി തുടങ്ങിയ പരിപാടികളും നമ്മുടെ രാജ്യത്ത് നടപ്പില്‍വന്നിട്ടുണ്ട്. 2000ല്‍ നടപ്പില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് എന്നിവ ഏത് തരത്തിലുള്ള അതിക്രമത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുവാന്‍ മതിയാകുന്ന നിയമനിര്‍മ്മാണങ്ങളാണ്. 

കുട്ടികളുടെ ഉത്തമതാല്‍പര്യം സംരക്ഷിക്കുന്നതിനായി സമൂഹവും ഭരണകൂടവും കോടതികളും സന്നദ്ധ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ ലോകസമൂഹം വിഭാവനം ചെയ്യുന്ന ശിശുസൗഹൃദ ക്ഷേമരാഷ്ട്രം നിലവില്‍ വരികയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വികാസം ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെ കുട്ടികളെ ഭാവിയിലേക്ക് ഉത്തമന്‍മാരാക്കുന്ന പ്രക്രിയയില്‍ നമുക്കും പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പിബി നൂഹ് മുഖ്യാതിഥിയായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ജോണ്‍ ജേക്കബ്, കോന്നി സോഷ്യല്‍ വര്‍ക്ക് കോളേജ് മേധാവി പ്രൊഫ.വര്‍ഗീസ്,  പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അധ്യാപകന്‍  വിവേക്, ഷാന്‍ രമേശ് ഗോപന്‍, റിന്റു   തോപ്പില്‍, ബിനി മറിയം,  സോഷ്യല്‍ വര്‍ക്ക് - പൊളിറ്റിക്കല്‍ സയന്‍സ് - സോഷ്യോളജി വിഭാഗത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍  തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.                   (പിഎന്‍പി 749/19)

date