പുതുതലമുറയെ ആകര്‍ഷിക്കുംവിധം സഹകരണബാങ്കുകള്‍ മാറണം- മന്ത്രി കടകംപള്ളി സുരേന്ദ്രന്
അത്യാധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കി പുതുതലമുറയെ ആകര്‍ഷിക്കുംവിധം സഹകരണബാങ്കുകള്‍ മാറ്റപ്പെടണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്. കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോര്‍ ബാങ്കിംഗിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങള്‍ സഹകരണബാങ്കുകളില്‍ ഏര്‍പ്പെടുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് സഹകരണവകുപ്പിന്റെ കീഴില്‍ നടന്ന് വരുന്നത്. നിക്ഷേപങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തി സ്വകാര്യ ബാങ്കുകള്‍ ജനങ്ങളെ വലയ്ക്കുന്ന കാലമാണിത്. എന്നാല്‍ ജനത്തിന് ആവശ്യം നല്ല സര്‍വീസാണെന്നും അത് സഹകരണവകുപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബാങ്കുകളില്‍ നിന്ന് എന്തെല്ലാം ആധുനിക സൗകര്യങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ ലഭ്യമാകുമോ അതെല്ലാം സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കില്‍ നിന്നും ലഭ്യമാക്കും. നോട്ട് നിരോധനത്തിന് ശേഷം ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ അധികവളര്‍ച്ചയാണ് സഹകരണവകുപ്പിനുണ്ടായതെന്നും മന്ത്രി പറഞ്ഞു.
സഹകാരികളുടേയും ബാങ്ക് ഇടപാടുകാരുടേയും സൗകര്യാര്‍ഥം കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കവിയൂര്‍, തോട്ടഭാഗം, പടിഞ്ഞാറ്റുംചേരി, ശാഖകളുടേയും ഹെഡ് ഓഫീസിനേയും ബന്ധിപ്പിച്ചുകൊണ്ടാണ് കോര്‍ ബാങ്കിംഗ് സംവിധാനം ആരംഭിച്ചത്. ഈ സംവിധാനത്തിലൂടെ സ്വകാര്യ ബാങ്കുകളുടെ സഹകരണത്തോട് കൂടി രാജ്യത്തിന് അകത്തും പുറത്തുമുള്ള പൗരര്‍ക്ക് കവിയൂര്‍ സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും സുഗമമായി ഇടപാടുകള്‍ നടത്താന്‍ കഴിയും. കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഫണ്ടില്‍ നിന്നു ഏഴ് ലക്ഷം രൂപ അനുവദിച്ചതില്‍ നിന്നും 4.5 ലക്ഷം രൂപ ചിലവഴിച്ചാണ് കോര്‍ ബാങ്കിംഗ് പ്രവര്‍ത്തനം ആരംഭിച്ചത്. പത്ത് ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കെയര്‍ ഹോം പദ്ധതി, കെയര്‍ഹോം ഫണ്ട്, നീതി സ്റ്റോര്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍, എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുനന്മ ഫണ്ടില്‍ നിന്നും 18,000 രൂപ ചെലവഴിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കണ്‍സ്യൂമര്‍ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. കൂടാതെ, 25 ക്യാന്‍സര്‍ ബാധിതര്‍ക്ക് 15,000 രൂപ വീതവും നല്കി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ആയിരം പദ്ധതികളുടെ ഉദ്ഘാടനമാണ് സംസ്ഥാനത്തുടനീളം നടന്ന് വരുന്നത്.
കവിയൂര്‍ ബാങ്കിന്റെ ലാഭവിഹിതമായ ഒന്‍പത് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ബാങ്ക് പ്രസിഡന്റില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് തുക ഏറ്റുവാങ്ങി. ചടങ്ങില്‍ തിരുവല്ല എം.എല്‍.എ മാത്യു.ടി.തോമസ് അധ്യക്ഷത വഹിച്ചു. ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം പ്രവര്‍ത്തിക്കുന്ന വകുപ്പാണ് സഹകരണവകുപ്പെന്നും, വികസനരംഗത്തും ദുരന്തമുഖത്തും സഹകരണവകുപ്പിന്റെ ഉചിതമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എലിസബേത്ത് അബു, ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്മാന് കെ അനന്തഗോപന്‍, ബാങ്ക് പ്രസിഡന്റ് ജി.രജിത്കുമാര്‍, ഭരണസമിതി അംഗം ബൈജുക്കുട്ടന്‍, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജോസ് ഏബ്രഹാം, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.കെ അജിതകുമാരി, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഡിറ്റ് എം.വി സുജാത, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി ഉദയഭാനു, എ.പി ജയന്, അശോകന് കുളനട, കെ.സോമന്, ഇ.സി.കുഞ്ഞൂഞമ്മ, രവി തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 767/19)
- Log in to post comments