Skip to main content

സഹകരണ പ്രസ്ഥാനങ്ങള്‍ ആധുനികവത്ക്കരണത്തിന്റെ പാതയില്‍ - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

സംസ്ഥാനത്തെ സഹകരണപ്രസ്ഥാനങ്ങള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോയിപ്രം സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ബാങ്ക് മന്ദിരത്തിന്റേയും കോണ്‍ഫറന്‍സ് ഹാളിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഒന്നാക്കുന്നതില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കഴിഞ്ഞ തലമുറയുടെ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ സഹകരണപ്രസ്ഥാനങ്ങളുടെ വളര്‍ച്ച. നോട്ട് നിരോധനസമയത്ത് തളര്‍ന്ന് പോകുമെന്ന് കരുതിയ മേഖലയില്‍ നിരോധനത്തിന് ശേഷം ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അധിക വളര്‍ച്ചയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. ഭരണമികവിന്റെ ആയിരം ദിനങ്ങളുടെ ആഘോഷ വേളയില്‍ പിണറായി മന്ത്രിസഭയില്‍ അഴിമതിക്കാരും കൈക്കൂലിക്കാരുമില്ലായെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.  ഭരണ രാഷ്ട്രീയതലത്തില്‍ അഴിമതി ഇല്ലാതാകുമ്പോഴാണ് ഉദ്യോഗസ്ഥരിലും അഴിമതിക്കാരില്ലാതാകുകയെന്നും അദ്ദേഹം പറഞ്ഞു.  മുറ്റത്തെ മുല്ലപദ്ധതിയുടേയും പ്രതിദിന നിക്ഷേപ പദ്ധതിയുടേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  

1925 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോയിപ്രം സര്‍വീസ് സഹകരണ ബാങ്ക് 94 വര്‍ഷത്തെ സാമൂഹ്യസേവനത്തിന്റെ പാരമ്പര്യവുമായി ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റി വരികയാണ്. ബാങ്കിന്റെ ചിരകാല സ്വപ്‌നമായ ആധുനിക ബാങ്കിംഗ് സംവിധാനവും നൂതന സൗകര്യങ്ങളോടു കൂടിയ കോണ്‍ഫറന്‍സ് ഹാളും ബാങ്കിന്റെ സ്വന്തം ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മിച്ചത്. കെയര്‍ ഹോം പദ്ധതി, നീതി മെഡിക്കല്‍ സ്റ്റോര്‍, ഉത്സവകാല മാര്‍ക്കറ്റുകള്‍, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, വളം കച്ചവടം എന്നിവയും നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ആയിരം പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്ന് വരുന്നത്. 

 ചടങ്ങില്‍ വീണാജോര്‍ജ്ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും, പ്രളയാനന്തരം സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം അഭിനന്ദാനര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ അനന്തഗോപന്‍, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ.പീലിപ്പോസ് തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിര്‍മലാ മാത്യൂസ്, കെ.സി.സജികുമാര്‍, ജില്ലാ ജോ.രജിസ്ട്രാര്‍ ജനറല്‍ ജോസ് ഏബ്രഹാം, ബാങ്ക് പ്രസിഡന്റ് ബിജു വര്‍ക്കി, ഡയറക്ടര്‍ ബോര്‍ഡംഗം രവി.ആര്‍.നായര്‍, കെ.പി ഉദയഭാനു, ജി.അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

          (പിഎന്‍പി 770/19)

date