പ്രൗഢഗംഭീരമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് പാസിംഗ് ഔട്ട് പരേഡ്
ആവേശവും, ആത്മവിശ്വാസവും ഒട്ടും ചോരാതെ ജില്ലയിലെ എസ്.പി.സി പ്രോജക്ടിന്റെ രണ്ടാമത് ജില്ലാതല പാസിംഗ് ഔട്ട് പരേഡ് ബാന്‍ഡുകളുടെ അകമ്പടിയോടെ ജില്ലാ സ്റ്റേഡിയത്തില്‍ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ജില്ലയിലെ ഇരുപത്തി മൂന്ന് സ്കൂളുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സീനിയര്‍ കേഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്. പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലും എസ്.പി.സി പദ്ധതിയിലെ പി.എം.എന്‍.സി ചെയര്‍മാനും മുഖ്യാതിഥിയുമായ എസ് ആനന്തകൃഷ്ണന് സല്യൂട്ട് സ്വീകരിച്ച് സന്ദേശം നല്കി. പൊലീസിന്റെ നല്ല ഗുണങ്ങളെ സ്വാംശീകരിച്ച് രാജ്യത്തിന് നന്മ ചെയ്യാനും അഭിമാനമായി മാറാനും ഓരോ വിദ്യാര്‍ഥിക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ നോഡല്‍ ഓഫീസര്‍ എസ്.പി.സി പ്രോജക്ട് ആര്.പ്രദീപ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ മഞ്ജു വര്‍ഗീസ് കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രണ്ട് വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ച വച്ച 23 സ്കൂളുകളിലെയും 46 കേഡറ്റുകള്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. കൂടാതെ, 2018 ലെ സമ്മര്‍ക്യാമ്പില്‍ പ്ലാട്ടൂണ്‍ കമാന്‍ഡറായി തിരഞ്ഞെടുത്ത് മുഖ്യമന്ത്രിയില്‍ നിന്നും ട്രോഫി വാങ്ങിയ സീതത്തോട് കെ.ആര്.പി.എം.എച്ച്.എസിലെ ക്രിസ്റ്റിന് ടോം സജിയെ ആദരിച്ചു.
പത്തനംതിട്ട ഗവണ്മെന്റ് എച്ച്.എസ്.എസിലെ ജി രാഹുലും, തണ്ണിത്തോട് സെന്റ് ബനഡിക്ട് എം.എസി.എച്ച്.എസിലെ ക്രിസ്റ്റീന തോമസുമാണ് പരേഡിനെ നയിച്ചത്. 572 ആണ്‍കുട്ടികളും 440 പെണ്‍കുട്ടികളും പൊലീസുദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. (പിഎന്‍പി 806/19)
- Log in to post comments