Skip to main content

വികസന രംഗത്ത് കേരളം വന്‍ കുതിപ്പ് കൈവരിച്ചു -  രാജുഎബ്രഹാം എംഎല്‍എ

 

വികന രംഗത്ത് കേരളം വന്‍ കുതിപ്പ് കൈവരിച്ചതായി രാജുഎബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിവസത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികളുടെയും, ഗ്രാമവികസന വകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സെമിനാറിന്റെയും  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്പാ വൈറസിനേയും ഓഖി ദുരന്തത്തേയും കേരളം അതിജീവിച്ചത് ശക്തമായ നേതൃപാടവത്തിലൂടെയും മുഖ്യമന്ത്രിയുടെ ഇച്ഛാ ശക്തിയിലൂടെയുമാണ്. ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ വെളളപ്പൊക്കത്തെ കേരളം ഒന്നായി നിന്ന് അതിജീവിച്ചു. കേരളത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ആയിരത്തിലധികം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അതിലേറെ പദ്ധതികള്‍ നടപ്പാക്കിവരുകായാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കുടുംബശ്രീകള്‍ മാറും. 1200 കോടി രൂപ സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിട്ടുണ്ട്. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ട് മനുഭായ് മോഹന്റെ നേതൃത്വത്തിലുളള ഭരണസമിതി മാതൃകാപരമായ വികസനക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. മല്ലപ്പള്ളി താലൂക്കാശുപത്രിയുടെ വികസനവും നവീകരണവും ആരോഗ്യമേഖലയിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. 1000 ദിന പരിപാടിയുടെ ഭാഗമായി വനിതകള്‍ക്ക് ഷീ ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്നതിലൂടെ തൊഴില്‍ മേഖലയില്‍ ഇടപ്പെട്ടുകൊണ്ടുളള സ്ത്രീ ശാക്തീകരണമാണ് സാധ്യമാകുന്നത്. ഭിന്നശേഷിക്കാര്‍ക്കുളള ഉപകരണങ്ങളുടെ വിതരണം, പാലിന്റെ സബ്‌സിഡി വിതരണം എന്നിവ അതതു മേഖലയില്‍ ബ്ലോക്ക് പഞ്ചായത്ത് പുലര്‍ത്തുന്ന കരുതലാണ് സൂചിപ്പിക്കുന്നത്. തുല്യതാപഠിതാക്കള്‍ക്കുളള 'വിദ്യാഭ്യാസ അവാര്‍ഡുവിതരണം' ശ്‌ളാഘനീയമാണ്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ.രാജേന്ദ്രന്‍ വികസന സെമിനാറില്‍ വിഷയാവതരണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനുഭായ് മോഹന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്റ് കെ.ദിനേശ്, സ്ഥിരം സമിതി അംഗങ്ങളായ ഓമന സുനില്‍, ഉണ്ണികൃഷ്ണന്‍ നടുവിലേമുറി,  എസ്.  ശ്രീലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേല്‍,  തോമസ് മാത്യൂ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. സതീശ്, മിനു സാജന്‍, ബിനു ജോസഫ്, ലതാകുമാരി, ഷിനി കെ പിളള, ബിഡിഒ കെ.രാജേന്ദ്രന്‍, ശ്രീമതി.  സി.ഡി.പി.ഒ അഗസ്റ്റീന, ഡി.ഇ.ഒ പി.അനിത, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.വി. മാത്യൂ തുടങ്ങിയവര്‍ പ്രസംഗിച്ചു.                    (പിഎന്‍പി 820/19)

date