അടൂര്‍ മണ്ഡലത്തില്‍ 500 കോടി രൂപയുടെ വികസനം സാധ്യമാക്കി - ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
ഇടതു സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തീകരിച്ചപ്പോള്‍ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ 500 കോടി രൂപയുടെ വികസനം സാധ്യമാക്കിയെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ വികസന വകുപ്പും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംസ്ഥാനസര്‍ക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എം.എല്‍.എ.
പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് മാത്രം 375 കോടി രൂപ ചെലവഴിച്ചു. പന്തളം പാലം പണി പൂര്‍ത്തീകരിച്ചപ്പോള്‍ 70 ലക്ഷം രൂപ മിച്ചം വന്നു. കെ.പി.റോഡിന്റെ പണി വൈകുന്നതിനു കാരണം ഇരു വശവും പെപ്പ്ഇട്ട് മെറ്റല്‍ ചെയ്ത് ടാര്‍ചെയ്യുന്നതിന് സമയം എടുക്കുന്നതാണ്. 15.75 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കരാറുകാരന്‍ സമയബന്ധിതനായി പണി പൂര്‍ത്തീകരിക്കാത്തതാണ് പ്രവൃത്തി വൈകാന്‍ കാരണം. വിദ്യാഭാസ മേഖലയില്‍ ഭൗതിക സൗകര്യം മെച്ചപെടുത്തുന്നതിനുളള പദ്ധതികളും, സാംസ്‌കാരിക നിലയം , ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ പ്രവൃത്തികളും നടന്നു വരുകയാണ്. അഞ്ച് വര്‍ഷം കൊണ്ട് 1000 കോടിയുടെ വികസനം സാധ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ആര്‍ ഷീല, ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ നിഖില ജിജു തരകന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മായ ഉണ്ണികൃഷ്ണന്‍, ആശാ ഷാജി, ചന്ദ്രമതി, സൗദാരാജന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിവസത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍.അജിത് കുമാര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. സി പ്രകാശ് മോഡറേറ്ററായിരുന്നു. (പിഎന്‍പി 821/19)
- Log in to post comments