Skip to main content

ജേക്കബ് - ബാസ്റ്റോ റോഡുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു  വികസനത്തിനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗമാണ് കിഫ്ബി വികസന നിധി: മന്ത്രി എം എം മണി 

 

വികസനത്തിനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗമാണ് കിഫ്ബി വികസന നിധിയെന്ന് വൈദ്യുത മന്ത്രി എം.എം മണി പറഞ്ഞു. ജേക്കബ് - ബാസ്റ്റോ റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം വായ്പൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ചെലവാക്കുന്ന തുക ജനങ്ങളുടെ  പണമാണ്. നാടിന്റെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കിഫ്ബി പദ്ധതി നടപ്പാക്കുന്നത് നാടിന്റെ സമഗ്ര വികസനത്തിനു വേണ്ടിയാണ്. അന്‍പതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒട്ടും തന്നെ ഇല്ലാതെ ചെറുവള്ളിയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തനങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് 

യോഗത്തില്‍ അധ്യക്ഷത വഹിച്ച രാജു എബ്രഹാം എം എല്‍ എ പറഞ്ഞു. എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുമ്പോള്‍ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് നേരിട്ട് വളര്‍ച്ചയുണ്ടാവും. ദീര്‍ഘ വീക്ഷണത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അനുമതി ലഭിച്ച എല്ലാ റോഡുകളുടേയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായെന്നും അദ്ദേഹം  പറഞ്ഞു.

ചടങ്ങില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു ഭായി മോഹന്‍, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍, വൈസ് പ്രസിഡന്റ് കെ.എം.മുഹമ്മദ് സലിം, കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി ആര്‍ വിജയമ്മ, പഞ്ചായത്തംഗങ്ങളായ എല്‍സി ചാക്കോ, ജോസ് പ്രകാശ്, ദീപ്തി ദാമോദരന്‍, ഇ.കെ. അജി, ആനി രാജു, മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.ടി സാബു, ബാങ്ക് പ്രസിഡന്റ് കെ.സതീശ്, സെക്രട്ടറി ടി.എ.എം.ഇസ്മയില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

വിമാനത്താവളം സാധ്യമാകുന്നതോടെ പ്രദേശങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജേക്കബ്- ബാസ്റ്റോ  റോഡുകള്‍ നവീകരിക്കുന്നത്. റാന്നി-എരുമേലി ടൗണുകളെ ബന്ധിപ്പിക്കുന്ന 17.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് ജേക്കബ് - ബാസ്റ്റോ റോഡ്.  കിഫ്ബി പദ്ധതിയില്‍ നിന്ന് അനുമതി ലഭിച്ച 36  കോടി രൂപ മുടക്കിയാണ് റോഡ് നിര്‍മ്മിക്കുക. പാടിമണ്‍- വായ്പൂര്-കോട്ടാങ്ങല്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ജേക്കബ് റോഡ്. ചുങ്കപ്പാറ-പെരുമ്പെട്ടി- ചാലാപ്പള്ളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ്് ബാസ്റ്റോ റോഡ്.                         (പിഎന്‍പി 879/19)

date