Skip to main content

ലോക് സഭാ തെരഞ്ഞെടുപ്പ്: ട്രൈനേഴ്‌സിന് പരിശീലനം നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ഉദ്യോഗസ്ഥരുടെ പരിശീലകര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് അവസാന വാരത്തില്‍ നടക്കും. ഇതിന്റെ മുന്നൊരുക്കമായാണ് പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പരിശീലകര്‍ പങ്കെടുത്തു. 

രണ്ട് ഘട്ടങ്ങളിലായാണ് പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ അവരവരുടെ താമസസ്ഥലം ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലത്തിന്റെ അടിസ്ഥാനത്തിലും രണ്ടാം ഘട്ടത്തില്‍ ഡ്യൂട്ടി ലഭിക്കുന്ന മണ്ഡലത്തിന്റെ അടിസ്ഥാനത്തിലുമാണ് പരിശീലനം. 40 പേര്‍ അടങ്ങുന്ന ബാച്ചുകളായണ് പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനമാണ് നല്‍കുക. പരിശീലനം നല്‍കുന്നവര്‍ക്കായുള്ള പരിശീലനത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ അബ്ദുള്‍ റഹ്മാന്‍, നോഡല്‍ ഓഫീസര്‍ കെ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍, ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. 

   പുതുതായി ഏര്‍പ്പെടുത്തിയിട്ടുള്ള വിവിപാറ്റിന്റെ പ്രവര്‍ത്തനം, ഇലട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ മാനേജ്‌മെന്റ്, പോളിങ്ങ് തുടങ്ങുന്നതിന് മുമ്പുള്ള പ്രവര്‍ത്തനം, പോളിങ്ങ് സമയത്തെ പ്രവര്‍ത്തനം, പോളിങ്ങ് അവസാനിച്ചതിന് ശേഷമുള്ള പ്രവര്‍ത്തനം, എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പരിശീലനം. വിവിപാറ്റ് വന്നതോടെ പോളിങ്ങ് തുടങ്ങുന്നതിന് മുമ്പ് നടത്തുന്ന മോക് പോളിങ്ങ് നടത്തി വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് പോളിംഗ് സ്ഥാനാര്‍ത്ഥിക്കും പോളിംഗ് ഏജന്റുമാര്‍ക്കും ഉറപ്പ് വരുത്താവുന്നതാണ്. ആര്‍ക്ക് വോട്ട്‌ചെയ്‌തെന്ന് കാണിക്കുന്ന വിവി പാറ്റ് പ്രിന്റ് ഔട്ടും  വോട്ടിങ്ങ് മെഷീനിലെ റിസള്‍ട്ടും വോട്ട് ചെയ്യുമ്പോള്‍ തയ്യാറാക്കിയ കണക്കും പരസ്പരപൂരകമാണെന്ന് ഉറപ്പ് വരുത്തുന്നതിന് മോക്‌പോള്‍ സര്‍ട്ടിഫിക്കറ്റില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ നടത്തണം. അത്‌കൊണ്ട് തന്നെ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം 50 ല്‍ കുറയാത്ത വോട്ടുകള്‍ മോക്‌പോള്‍ സമയത്ത് ചെയ്യേണ്ടതുണ്ട്. പോളിങ്ങ് ഏജന്റുമാര്‍ മാറി വരുന്നതനുസരിച്ച് അത് സംബന്ധിച്ച വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തണം. ജില്ലയില്‍ ഇലക്ഷന്റെ ഭാഗമായുള്ള പരിശീലന പ്രവര്‍ത്തനം ജനുവരിമാസത്തില്‍ ആരംഭിച്ചിരുന്നു. റിട്ടേണിങ്ങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍ എന്നിവരുടെ കീഴിലുള്ള ജീവനക്കാര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും നേരത്തെ തന്നെ പരിശീലനം പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക്  വിവിധ ഘട്ടങ്ങളിലായി നോമിനേഷന്‍ മാതൃക, പെരുമാറ്റ ചട്ടം, പരാതി പരിഹാര സംവിധാനം വാഹനങ്ങളുടെ ഉപയോഗം, തുടങ്ങിയ വിഷയങ്ങളിലും പരിശീലനം പൂര്‍ത്തിയായി.     

date