Skip to main content

സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

 

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ ഇന്നും (2)  തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, കോട്ടയം,  ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍,  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ  ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുള്ളതായി അറിയിച്ചു. 

അതിനാല്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ മൂന്ന് വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.  പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ്. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.  തൊഴില്‍ സമയം പുനക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണം. ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍  ഭക്ഷണ വിതരണം  നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്. 

മാധ്യമപ്രവര്‍ത്തകരും പോലീസ്  ഉദ്യോഗസ്ഥരും  ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട്  വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്ക് സ്വമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണം.

          (പിഎന്‍പി 987/19)

date