Skip to main content

പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

 

പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ)   മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും  ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍  നില്‍ക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. മലയോര മേഖലകളില്‍ വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍  ദയവായി പ്രചരിപ്പിക്കരുത്.  ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും,  വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുകയും പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തുകയും വേണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക.  നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍  ഉള്ളവരും ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

 

എമര്‍ജന്‍സി കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍ (ഒരു വ്യക്തിക്ക് എന്ന കണക്കില്‍)

ടോര്‍ച്ച്, റേഡിയോ, ഒരു ലിറ്റര്‍ വെള്ളം, ഒആര്‍എസ്  ഒരു പായ്ക്കറ്റ്,  അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌ക്കോ പോലുള്ള ഡ്രൈ സ്‌നാക്ക്‌സ്, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ഗുളികകള്‍, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍,  തീപ്പെട്ടിയോ ലെറ്ററോ, അത്യാവശ്യം കുറച്ച് പണം.

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍  വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തിര  സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക്  നിര്‍ദേശം നല്‍കുക, ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക. ആകാശവാണിയുടെ  നിലയങ്ങള്‍ ശ്രദ്ധിക്കുക, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ്  വിളിക്കുന്നതെങ്കില്‍ 0468 എന്ന എസ്.റ്റി.ഡി കോഡ് ചേര്‍ക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക. വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍  ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി  വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയില്‍ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

 

 

പ്രതേ്യക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും

എല്ലാ താലൂക്ക് ആഫീസുകളിലും  ഏപ്രില്‍ 26 മുതല്‍  മെയ് അഞ്ച് വരെ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അഞ്ച് പേരടങ്ങുന്ന ടീമിനെ 24 മണിക്കൂറും നിയോഗിക്കും. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ യഥാസമയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് അറിയിക്കും. എല്ലാ വില്ലേജ് ആഫീസുകളും  ഏപ്രില്‍ 26 മുതല്‍ മെയ് അഞ്ച് വരെയുള്ള കാലയളവില്‍ രാത്രിയില്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അനുമതി കൂടാതെ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക്  ഏപ്രില്‍ 26 മുതല്‍  മെയ് അഞ്ച് വരെയുള്ള കാലയളവില്‍ അവധി അനുവദിക്കാന്‍ പാടില്ല. പ്രദേശങ്ങളിലെ വൈദ്യുത ബന്ധവും ഫോണ്‍ബന്ധവും തകരാറിലാവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുവാനുള്ള അടിയന്തിര നടപടികള്‍, കെഎസ്ഇബി, ബിഎസ്എന്‍എല്‍ അധികൃതര്‍ സ്വീകരിക്കും. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍, അപകടകരം എന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യ കണ്ടെത്തി അറിയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ക്കായി  ഏപ്രില്‍ 28 വൈകുന്നേരം മുതല്‍ അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് ക്യാമ്പുകള്‍ ഒരുക്കുവാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. ശക്തമായ മഴയുടെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ക്യാമ്പിലേക്ക് മാറി താമസിക്കാം. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കേണ്ടതും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഹാജരാകണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.                   (പിഎന്‍പി 1039/19)

date