Skip to main content

ചെള്ള് പനിക്കെതിരെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

 

പൂതാടി ചങ്ങലമൂല കോളനിയിലെ 28 കാരി ബിന്ദു മരിക്കുകയും 24 പേര്‍ക്ക് പനി ബാധിച്ചതില്‍ 6 പേര്‍ക്ക് ചെള്ള് പനി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞവര്‍ഷം 43 പേര്‍ക്ക് ചെള്ള് പനി ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.  ഈ വര്‍ഷം ഇതുവരെ 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി പനി സര്‍വേയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു. ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുളള എല്ലാ പനികേസുകള്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കിവരുന്നുണ്ട്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വെക്ടര്‍ സര്‍വേ നടത്തുകയും കീടനാശിനി തളിക്കുകയും ചെയ്തതായും അവര്‍ അറിയിച്ചു.  

 

ലക്ഷണങ്ങള്‍:

വിറയലോടുകൂടിയ പനി, തലവേദന, ചുവന്ന കണ്ണുകള്‍ , കഴലവീക്കം, പേശി വേദന, വരണ്ട ചുമ, തൊലിപ്പുറത്തുണ്ടാകുന്ന പ്രതേ്യക തരം പാടുകള്‍ (എസ്‌കാര്‍) തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. 

 

നിയന്ത്രണ മാര്‍ഗങ്ങള്‍:

    വനത്തിലും കുറ്റിചെടികളുളള സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ BB Emulsion  പോലുളള ലേപനങ്ങള്‍ പുരട്ടുക, കൈകാലുകള്‍ മറയുന്ന തരത്തില്‍ വസ്ത്രം ധരിക്കുക, ജോലിക്ക് ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക തുടങ്ങിയ വൃക്തിഗത സുരക്ഷാമാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയുടെ തൊലിപ്പുറത്തുളള ചെറുജീവികളായ മൈറ്റുകളുടെ ലാര്‍വയാണ് രോഗാണു വാഹകരായി പ്രവര്‍ത്തിക്കുന്നത്.മണ്ണിലും പുല്‍ചെടികളിലുമുളള ചിഗാര്‍മൈറ്റുകളെ കീടനാശിനി (സിന്തറ്റിക് പൈറിത്രോയിഡ്) തളിച്ച് നിയന്ത്രിക്കല്‍, എലിനശീകരണം, പുല്‍ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവയും നിയന്ത്രണമാര്‍ഗ്ഗങ്ങളാണ്.  

 

date