Skip to main content

വകയാര്‍ സര്‍വീസ് സഹകരണ ബാങ്ക്  നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

വകയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ  ഉദ്ഘാടനം  എംഎല്‍എമാരായ രാജു ഏബ്രഹാമും ചിറ്റയം ഗോപകുമാറും ചേര്‍ന്ന് നിര്‍വഹിച്ചു. ഒപ്പം പൊതുയോഗ ഹാളിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ബാങ്കിലെ മികച്ച കര്‍ഷകരെയും, ആദ്യകാല സഹകാരികളെയും ചടങ്ങില്‍ ആദരിച്ചു. മികച്ച വനിത സ്വയം സഹായ സംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. 
പ്രദേശത്തെ കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന സ്ഥാപനമാണ് വകയാര്‍ സര്‍വീസ് സഹകരണ ബാങ്കെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. വകയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍  മികച്ച രീതിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ സഹകരണ പ്രസ്ഥാനത്തിന് സാധിക്കണമെന്ന് ചിറ്റയം  ഗോപകുമാര്‍ എം എല്‍ എ പറഞ്ഞു.  സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണം. മുഴുവന്‍ സഹകാരികളുടെയും പങ്കാളിത്തത്തോടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്നും എംഎല്‍എ പറഞ്ഞു.
പ്രവര്‍ത്തനം ആരംഭിച്ചു 94 വര്‍ഷം പിന്നിടുമ്പോള്‍ പരിധിയില്‍ ഉള്ള എല്ലാ വിഭാഗം ജനങ്ങളുടെയും സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ കഴിവുള്ള ധനകാര്യ സ്ഥാപനമായി വളരാന്‍ വകയാര്‍ സര്‍വീസ് സഹകരണ ബാങ്കിന് സാധിച്ചു. കാര്‍ഷിക കര്‍ഷികേതര വായ്പകളുടെ വിതരണം, വിവിധയിനം നിക്ഷേപ പദ്ധതികള്‍, ചിട്ടി, കാര്‍ഷിക കര്‍ഷികേതര സാധനങ്ങളുടെ വ്യാപാരം, സേവനം എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനം വകയാര്‍ സര്‍വീസ് സഹകരണ ബാങ്കിനെ ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റി. 
ബാങ്ക് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി സുരക്ഷിതപ്പെടുത്തേണ്ട ആവശ്യകതയും, നവീകരണ പ്രവര്‍ത്തനങ്ങളും അവശ്യമായതിനാല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം എന്‍സിഡിസിയില്‍ നിന്നും ധനസഹായം ലഭിച്ചു. 2019 ഫെബ്രവരി മാസത്തിലാണ് നവീകരണത്തിന്റെ ശിലാസ്ഥാപനം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നാലു മാസം കൊണ്ട്  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. കെട്ടിടത്തിന്റെ പുറം ഭിത്തി എസിപി ചെയ്തു മോടിയാക്കി, ബാങ്ക് ഹാള്‍ നവീകരണം, സ്റ്റേയര്‍കേസ് നിര്‍മാണം, ആധുനിക നെയിം ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവയായിരുന്നു നവീകരണത്തിന്റെ പ്രധാന ഘട്ടങ്ങള്‍. സഹകരണ സ്ഥാപനമായ ബി കോണ്‍സിനായിരുന്നു നിര്‍മാണ ചുമതല.
അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ജി. അനിരുദ്ധന്‍, സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.കെ എന്‍ സത്യാനന്ദപണിക്കര്‍,  സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, പിഎസിഎസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി ജെ അജയകുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എംജി പ്രമീള,   പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ആര്‍ തിലകന്‍ ഉണ്ണിത്താന്‍, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എം പി  ഹിരണ്‍, കോന്നി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി വിനോദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ ഉത്തമന്‍, കോന്നി ഫിനാന്‍ഷ്യല്‍ സര്‍വീസ് സഹകരണസംഘം പ്രസിഡന്റ് ശ്യാംലാല്‍, വി കോട്ടയം ജനതാ എസ്‌സി ബി പ്രസിഡന്റ് ബി. രാജേന്ദ്രന്‍പിള്ള, പ്രമാടം എസ്‌സിബി പ്രസിഡന്റ് ജോണ്‍സന്‍ സഖറിയ, കോന്നി ആര്‍സിബി പ്രസിഡന്റ് ബിജു ഇല്ലിരിക്കല്‍, അരുവാപുലം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കോന്നിയൂര്‍ വിജയകുമാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date