വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു
വിവിധ കായികയിനങ്ങളുടെ ജില്ലാതല മത്സരങ്ങള്‍ക്കുളള രജിസ്‌ട്രേഷന്‍ ഫീസ് ഏകീകരിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക യോഗത്തില്‍ തീരുമാനമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2018 19 വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നടക്കുന്ന ചില കായികയിനങ്ങള്‍ക്ക് അമിതഫീസ് ഈടാക്കുന്നതുമൂലം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മികച്ച കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നതായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടതായി പ്രസിഡന്റ് എം.മധു പറഞ്ഞു. ഇത്തരത്തില്‍ ധാരാളം പരാതികള്‍ കൗണ്‍സിലിന് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ഫീസ് ഏകീകരണത്തിന് മുന്നോടിയായി വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണവും മികച്ച പരിശീലനവും ലഭിക്കുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ ജില്ലയില്‍ നിന്നും ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ ഹൈ ആള്‍റ്റിറ്റിയൂട്ട് പരിശീലന കേന്ദ്രം അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടുളള പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അവതരിപ്പിച്ച വരവ് ചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, വൈസ് പ്രസിഡന്റ് സലീം കടവന്‍, സെക്രട്ടറി എ.ടി ഷണ്‍മുഖന്‍, വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments