പഞ്ചായത്ത്തല ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു
കല്‍പ്പറ്റ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കിലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പഞ്ചായത്ത്തലത്തില്‍ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു. സി.കെ ശശീന്ദ്രന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ ചേര്‍ന്ന പച്ചപ്പ് പദ്ധതി യോഗത്തിലാണ് തീരുമാനം. ഓരോ പഞ്ചായത്തില്‍ നിന്നും പത്ത് പേരെ വീതം തെരഞ്ഞെടുത്താണ് സേന രൂപീകരിക്കുക. ആറ് പുരുഷന്മാരും 4 സ്ത്രീകളുമുള്പ്പെട്ടതായിരിക്കും സേന. പ്രത്യേകം പരിശീലനം നല്കി പ്രകൃതി ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കാനുളള വൈദഗ്ധ്യം ഉറപ്പ് വരുത്തിയാണ് സേന സജ്ജമാക്കുകയെന്നും എം.എല്‍.എ പറഞ്ഞു.
കാലവര്‍ഷക്കെടുതിയില്‍ ദുരന്ത ഭൂമികളായി മാറിയ പുത്തുമലയിലും കുറിച്യാര്‍മലയിലും അയല്‍ ഗ്രാമങ്ങളുടെ സഹായത്തോടെ മുളംതൈകള്‍ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി സെപ്തംബര്‍ 30ന് നടക്കും. സി.കെ ശശീന്ദ്രന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ അതിര്‍ത്തി ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍,സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും മുളംതൈകള്‍ നട്ടുപിടിപ്പിക്കാന്‍ രംഗത്തിറങ്ങും. സാമൂഹ്യ വനവത്കരണ വിഭാഗമാണ് മുളംതൈകള്‍ നല്‍കുന്നത്. ദുരന്ത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മാനസിക പിന്തുണ നല്കി പ്രദേശത്തെ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കബനീ നദിതീര സംരക്ഷണത്തിന് പുഴയോരങ്ങളിലെ തദ്ദേശവാസികളെ ഉള്‍പ്പെടുത്തി മുളതൈകള്‍ നട്ടുപിടിപ്പിക്കുന്നതിനുളള പുഴയോര കൂട്ടങ്ങളുടെ രൂപീകരണം ഒക്ടോബര്‍ 31ന് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. അതത് വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയിലാണ് രൂപീകരണയോഗം ചേരുക. ഇതോടൊപ്പം കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജൈവകര്‍ഷക ഗ്രൂപ്പുകളും പഞ്ചായത്തില്‍ തുടങ്ങും. പഞ്ചായത്ത്തല വീട്ട് കൂട്ട രൂപീകരണം ഒക്ടോബര്‍ 31നകം പൂര്‍ത്തീകരിച്ച് നവംബര്‍ 1 ന് വീട്ട്കൂട്ട സംഗമം നടത്തുന്നതിനും പഞ്ചായത്ത്തല വോളണ്ടിയര്‍മാരുടെ യോഗം ഒക്ടോബര്‍ 2 ന് ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കണ്‍വീനര്‍ പി.യു.ദാസ് സ്വാഗതം പറഞ്ഞു. കോര്‍ഡിനേറ്റര്‍ ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.എം.സുമേഷ് നന്ദിയും പറഞ്ഞു.
- Log in to post comments