Skip to main content

പുത്തുമലയിലെ കുരുന്നുകള്‍ക്ക് ഹോസ്ദുര്‍ഗില്‍ നിന്നൊരു സ്‌നേഹസമ്മാനം

കൂട്ടായ്മയുടെ കരുത്തില്‍ അതിജീവനത്തിന്റെ പുഞ്ചിരി വീണ്ടെടുക്കുന്ന മേപ്പാടി പുത്തുമലയിലെ കുരുന്നുകള്‍ക്ക് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് ജില്ലാ ജയിലില്‍ നിന്നൊരു സ്‌നേഹ സമ്മാനം. ജയിലിലെ തടവുകാര്‍ നിര്‍മ്മിച്ച ആയിരം പേപ്പര്‍ പേനകളാണ് കുട്ടികള്‍ക്കായി എത്തിച്ചിട്ടുള്ളത്. മാനന്തവാടി ജില്ലാ ജയിലില്‍ എത്തിച്ച പേനകള്‍ ഹരിത കേരളം വയനാട് ജില്ലാ മിഷന്‍ ഏറ്റുവാങ്ങി. കാസര്‍ഗോഡ് ഹരിത കേരളം മിഷനും ഹോസ്ദുര്‍ഗ് ജില്ലാ ജയിലും സംയുക്തമായി നടപ്പാക്കുന്ന 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയുടെ ഭാഗമായാണ് വയനാട്ടിലെ പ്രളയബാധിത മേഖലകളിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി പേനകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.പുത്തുമല എല്‍.പി സ്‌കൂളില്‍ വിതരണം ചെയ്ത പേനകള്‍ ഹെഡ്മാസ്റ്റര്‍ കെ.രതീശന്‍  ഏറ്റുവാങ്ങി. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂളുകളിലും പനമരം യു പി സ്‌കൂളിലും പേനകള്‍ വിതരണം ചെയ്തു. തടവുകാരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക, മാലിന്യപരിപാലനത്തിന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക, പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ചെറു സഹായങ്ങള്‍ നല്‍കുക എന്നിവയാണ് 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

date