മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ഇനി 'വാഹനി'ലൂടെ
മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി കേന്ദ്രീകൃത സോഫ്റ്റ്വെയറായ വാഹന്‍ സോഫ്റ്റ് വെയറിലൂടെ മാത്രം. ഇതിന്റെ ഭാഗമായി 2008 മുതല്‍ ഉപയോഗിച്ച് വരുന്ന രജിസ്ട്രേഷന് സോഫ്റ്റ് വെയറായ സ്മാര്‍ട്ട് മൂവില് നിന്നും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ സീരിസുകളിലുംപെട്ട 1 മുതല്‍ 500 വരെയുള്ള വാഹനങ്ങളുടെ മുഴുവന്‍ വിവരങ്ങളും വാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറ്റി. ബാക്കിയുളളവ ഘട്ടം ഘട്ടമായി മാറ്റും. സംസ്ഥാനത്താകെ ഒന്നര കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങളാണ് മാറ്റേണ്ടത്. ഇത്തരത്തില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ പുതിയ സോഫ്റ്റ് വെയറിലേക്ക് മാറ്റുന്ന സാഹചര്യത്തില്‍ വാഹന ഉടമകളുടെ അറിവിലേക്ക് നിര്‍ദ്ദേശങ്ങളുമായി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
1. വാഹന്‍ സോഫ്റ്റ് വെയറിലേക്ക് മാറ്റപ്പെടുന്ന വാഹനങ്ങളുടെ തുടര്‍ന്നുള്ള എല്ലാ സര്‍വീസുകളും വാഹനില്‍ മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളു.
2. വാഹനിലേക്ക് മാറ്റപ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ parivahan.gov.in എന്ന വെബ് സൈറ്റിലും mparivahan എന്ന മൊബൈല്‍ ആപ്പിലും ഡിജിലോക്കറിലും ലഭിക്കും. വാഹന ഉടമകള്‍ക്ക് ഇവ പരിശോധിച്ച് ഉറപ്പുവരുത്താം. തെറ്റുണ്ടെങ്കില്‍ ബന്ധപ്പെട്ട ആര്.ടി.ഒ.യെ രേഖാമൂലം അറിയിക്കാം.
3. എല്ലാ സര്‍വീസുകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീസ്/നികുതി എന്നിവ ഓണ്‍ലൈനായി അടക്കുന്നതിന് നെറ്റ് ബാങ്കിംഗ്, കാര്‍ഡ് പെയ്മെന്റ്, മൊബൈല്‍ പെയ്മെന്റ് തുടങ്ങിയവ ലഭ്യമാണ്.
4. വാഹനില്‍ കൂടി സര്‍വീസ് ലഭിക്കുന്നതിന് വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം.
5. നാല് അക്കങ്ങളില്‍ കുറവു വരുന്ന നമ്പറുകളില്‍ പൂജ്യം കൂടി ചേര്‍ത്ത് നല്‍കണം.
6. ഓണ്‍ലൈന്‍ സര്‍വീസുകള്‍ സംബന്ധിച്ചുള്ള കൈപ്പുസ്തകം mvd.kerala.gov.in വെബ് സൈറ്റില്‍ ലഭിക്കും.
- Log in to post comments