Skip to main content

പ്ലാസ്റ്റിക്കിന് ബദലായി കുടുംബശ്രീയുടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍

പുതുവര്‍ഷം പിറക്കുമ്പോള്‍ കേരളം പ്ലാസ്റ്റിക്കിനോടും വിട പറയുകയാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കു പകരം എന്ത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍. ജില്ലയില്‍ അങ്ങോളം ഇങ്ങോളമായി 53 യൂണിറ്റുകളിലായി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ സുസജ്ജമാണ്. എഴുതുവാനുള്ള പേപ്പര്‍ പേനകള്‍ മുതല്‍ ചെടിചട്ടികള്‍ വരെ ഇവിടെ തയാറാണ്. ഇരവിപേരൂരിലെ ബാംബൂ പ്രൊഡക്റ്റ് യൂണിറ്റില്‍ മുളകൊണ്ടുള്ള ഉത്പന്നങ്ങളും തോട്ടപ്പുഴശേരി ശ്രീ അയപ്പ ഫാം പ്രൊഡക്ട്സില്‍ പാള കൊണ്ടുള്ള ഉത്പന്നങ്ങളും ലഭിക്കും. ഉത്പന്നങ്ങളിലുള്ള വ്യത്യസ്തതകളാണ് ഓരോ യൂണിറ്റിന്റെയും പ്രത്യേകത. ഒന്ന് മുതല്‍ അഞ്ച് അംഗങ്ങള്‍ വരെയാണ്  കുടുംബശ്രീ യൂണിറ്റുകളില്‍ ഉള്ളത്. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പേപ്പര്‍ പേന, പേപ്പര്‍ ബാഗ്, തുണിസഞ്ചി, ബിഗ് ഷോപ്പര്‍, ഓഫീസ് ഫയല്‍, മുറം, ഈറ കൊണ്ടുള്ള വേസ്റ്റ് ബിന്‍, ചിരട്ട തവി, പെന്‍ ഹോള്‍ഡര്‍, പാളയില്‍ നിര്‍മിച്ച സോപ്പു പെട്ടി, പാള പ്ലേറ്റ്, വേസ്റ്റ് കളക്ഷന്‍ ബാഗ്, ഗിഫ്റ്റ് ബോക്സ്, ലഞ്ച് ബോക്സ്, കീ ചെയിന്‍, ഗ്ലാസുകള്‍, ചേളാവ്, മുള ജഗ്, മുള ചെടി ചട്ടി തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ പ്ലാസ്റ്റിക്ക് മുക്ത ജില്ലയ്ക്കായി ഒരുക്കിയിരിക്കുന്നത്. മൂന്ന് രൂപ വിലയുള്ള പാള സോപ്പുപെട്ടി മുതല്‍ 500 രൂപ വരെയുള്ള ഉത്പന്നങ്ങളാണ് കുടുംബശ്രീ യൂണിറ്റുകളില്‍ നിര്‍മിക്കുന്നത്.
 

date