Skip to main content

അഗസ്ത്യാര്‍കൂട സന്ദര്‍ശനം: ബുക്കിംഗ് 8 മുതല്‍ 

അഗസ്ത്യാര്‍കൂടം ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഈ മാസം എട്ടു മുതല്‍ അപേക്ഷിക്കാം. ഈ മാസം 14 മുതല്‍ ഫെബ്രുവരി  18 വരെയാണ്  അഗസത്യാര്‍കൂട ട്രക്കിംഗ്. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ.  സന്ദര്‍ശന പാസുകള്‍ക്ക്് ഓണ്‍ലൈനായോ അക്ഷയകേന്ദ്രം മുഖേനയോ  അപേക്ഷിക്കാം. വനം വകുപ്പിന്റെ  ഓദ്യോഗിക വെബ്്സൈറ്റായ 

www.forest.kerala. gov.in അല്ലെങ്കില്‍ serviceonline.gov.in/trekking  സന്ദര്‍ശിച്ച്  ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്കിംഗ് സൗകര്യം എട്ടിന് രാവിലെ 11 മുതല്‍ ലഭ്യമാകും. അക്ഷയകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം.  ട്രക്കിംഗില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1,100 രൂപയാണ്. അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍  അഞ്ചുപേര്‍ വരെയുളള ടിക്കറ്റിന് 50 രൂപയും പത്തുപേര്‍   വരെയുള്ള ടിക്കറ്റിന്  70 രൂപയും അധികമായി നല്‍കണം. 

       നല്ല ശാരീരിക ക്ഷമതയുളളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല. 14 വയസിനു താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല. ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിംഗ് ദിവസം രാവിലെ ഏഴിന് എത്തിച്ചേരണം. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട്് നല്‍കണം. 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും  ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.

സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.  വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പി ടി പി  നഗറിലുള്ള തിരുവനന്തപുരം വെല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2360762.

 

date