Skip to main content

വീടായി ... ഇനി തൊഴുത്തും പശുവും വേണം

ഇത്രയും കാലം തലചായ്ക്കാന്‍ ഒരു ഇടമില്ലാതെ വലയുകയായിരുന്നു. അവസാനം സര്‍ക്കാര്‍ കനിഞ്ഞു. വീടു കിട്ടി. ഇനി പ്രതീക്ഷയോടെ നീങ്ങാം... വിധവയായ 63 കാരി ഈട്ടിവിള താഴേതില്‍ കെ.കെ മണി പറക്കോടു ബ്ലോക്കുതല കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ഷീര വികസന സ്റ്റാളില്‍ എത്തി തന്റെ സങ്കടങ്ങള്‍ വിവരിച്ചു. മുന്‍പ് മണിയുടെ തൊഴുത്തു നിറയെ പശുക്കളും ആടും ഉണ്ടായിരുന്നു. ഇന്ന് അടും, പശുവും, തൊഴുത്തുമെല്ലാം മണിയുടെ ഓര്‍മകളില്‍ മാത്രമായി.

പതിനഞ്ചാമത്തെ വയസില്‍ മണിയുടെ വിവാഹം നടന്നതാണ്. 44 വര്‍ഷമായി ഭര്‍ത്താവ് പപ്പു മരിച്ചിട്ട്. അന്ന് മണിക്ക് വയസ് 19. അന്ന് നാലും, മൂന്നും വയസുള്ള രണ്ടു പെണ്‍മക്കളെ വളര്‍ത്തുന്നതിന് പാറമടയിലും, കൂലിപ്പണിയും, ഉള്‍പ്പെടെ കിട്ടുന്ന എന്തു പണിയും മണി ചെയ്തു. ആദ്യ കാലങ്ങളില്‍ പണി ചെയ്യാന്‍ അറിയില്ലായിരുന്നു. പിന്നെ പശുക്കളെയും ആടുകളെയും ഒക്കെ വളര്‍ത്തി. മക്കളെ വിവാഹിതരാക്കി... ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ തല ചായ്ക്കാന്‍ ഉറപ്പുള്ള ഒരു കൂരയില്ലാതെ മണി അലഞ്ഞു. അവസാനം സര്‍ക്കാരിന്റെ ലൈഫ് പദ്ധതി മണിക്ക് തുണയായി... ഒരു വീട് ലഭിച്ചു... ഇനി ഒന്ന് ജീവിക്കണം. മറ്റു പണി ഒന്നും ചെയ്യാന്‍ വയ്യ. ഒരു പശുവും തൊഴുത്തും വേണം. പശുക്കുട്ടിയെ വളര്‍ത്താന്‍ തരുമോയെന്ന് ചോദിച്ച് നാട്ടിലെല്ലാം മണി തിരക്കി നടന്നു. ആരും നല്‍കിയില്ല. അപ്പോഴാണ് കുടുംബ സംഗമത്തോട് അനുബന്ധിച്ച് ജീവിത സംരക്ഷണ മാര്‍ഗങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കുന്നത് മണി അറിഞ്ഞത്. മണിയുടെ ആവശ്യം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ് മണിക്ക് പ്രതീക്ഷ പകര്‍ന്നു... ഈ സര്‍ക്കാര്‍ അതും തരും എനിക്കുറപ്പാണ്... മണിയുടെ കണ്ണുകള്‍ നിറഞ്ഞു.
 

date