Skip to main content

ഉപഭോക്താക്കളെ കേള്‍ക്കാന്‍ മന്ത്രി എത്തി തീര്‍പ്പാക്കിക്കിയത് 129 പരാതികള്‍

     ഉപഭോക്താക്കളുടെ വൈദ്യുതി സംബന്ധമായ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നേരിട്ടെത്തി. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എം.സി ഹാളില്‍ നടന്ന വൈദ്യുതി അദാലത്തിലാണ് മന്ത്രി ഉപഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാര നിര്‍ദ്ദേശവുമായി ഇടപ്പെട്ടത്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വസകരമായ തീരുമാനങ്ങളാണ് പല പരാതികളിലും ഉണ്ടായത്. മുട്ടില്‍ ഇലക്ട്രിക്ക് സെക്ഷന്‍ പരിധിയില്‍ താമസിക്കുന്ന പി.സജിതയുടെ വീട്ടിലേക്കുളള വഴിയിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്ന 26000 രൂപയോളം ചെലവ് വരുന്ന പ്രവൃത്തിയും ബി.പിഎല്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ട  പടിഞ്ഞാറത്തറ ചുതടകണ്ടി രാജന്റെ വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതിലൈന്‍ മാറ്റി സ്ഥാപിക്കാന്‍ 17054 രൂപയുടെ പ്രവൃത്തിയും ബോര്‍ഡ് ഏറ്റെടുത്തത് അദാലത്തില്‍ ഏറെ ശ്രദ്ധേയമായി.

   വൈദ്യുതി അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു കല്‍പ്പറ്റയിലേത്. കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ് പിളള നേതൃത്വം നല്‍കി. അദാലത്തില്‍ ലഭിച്ച 140 പരാതികളില്‍  129 എണ്ണത്തിനും പരിഹാരം കാണാന്‍ സാധിച്ചു. 11 കേസുകളില്‍ സ്ഥലപരിശോധന ആവശ്യമുളള സാഹചര്യത്തില്‍ 7 ദിവസത്തിനകം തീരുമാനം എടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അനുമതിയില്ലാതെ വസ്തുവിലൂടെ ലൈന്‍ വലിക്കല്‍, പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കല്‍, സര്‍വ്വീസ് കണക്ഷന്‍, പരാതികള്‍, വൈദ്യുതി ബില്‍, താരിഫ്, കുടിശ്ശിക, റവന്യൂ റിക്കവറി തുടങ്ങിയ പരാതികളായിരുന്നു ഭൂരിഭാഗവും. പൊതുജനങ്ങള്‍ക്ക് തല്‍സമയം പരാതികള്‍ സമര്‍പ്പിക്കാനും സംവിധാനമൊരുക്കിയിരുന്നു.ജില്ലയിലെ 4 സബ് ഡിവിഷന്‍ കേന്ദ്രീകരിച്ചും ജനറേഷന്‍, ട്രാന്‍സ്മിഷന്‍ എന്നീ വിഭാഗങ്ങള്‍ക്കുമായി ആറ് കൗണ്ടറുകളാണ് അദാലത്തില്‍ ഒരുക്കിയത്.ഔദ്യോഗിക നടപടിക്രമങ്ങളുടെ ബാഹുല്യമോ മറ്റ് നൂലാമാലകളോ കൂടാതെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വകുപ്പിന്റെ പരമോന്നത സംവിധാനത്തിന് മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം നേടാന്‍ സാധിക്കുന്ന തരത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
 

date