Skip to main content

പ്രകൃതിയിലേക്ക് മടങ്ങണമെങ്കില്‍ പഴമയിലേക്ക് മടങ്ങണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്    

 പ്രകൃതിയിലേക്ക് മടങ്ങണമെങ്കില്‍ പഴമയിലേക്ക് മടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ നടത്തിയ പ്രകൃതി സൗഹൃദ ഉത്പന്ന പ്രദര്‍ശനവും വിപണനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണനിലവാരമുള്ള പ്രകൃതി സൗഹൃദ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് പ്രകൃതിയുമായി അലിഞ്ഞു ചേരില്ലെന്ന് മനസിലാക്കിയ നാള്‍ മുതല്‍ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് തീരുമാനിച്ചിരുന്നു. പ്രകൃതി മലീമസമല്ലാത്ത രീതിയില്‍ ഉപയോഗിച്ച പലതും ഇന്നില്ലാതായി. പ്രകൃതിക്കും ശരീരത്തിനും പ്ലാസ്റ്റിക് ഉപയോഗം ഗുണം ചെയ്യില്ലെന്ന് അറിഞ്ഞിട്ടും അവയെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് നാം. ഇതു കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകൃതി സൗഹൃദമായി വിവാഹങ്ങള്‍ നടത്തിയത് മാതൃകാപരമാണ്.  കുടുംബശ്രീ പ്രവര്‍ത്തകരുടെ ഒരു വരുമാന മാര്‍ഗമാണ് പ്രകൃതി സൗഹൃദ ഉത്പന്ന പ്രദര്‍ശനവും വിപണനവും. പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പ്രകൃതിയെ സ്നേഹിക്കാന്‍ തുടങ്ങിയാല്‍ പ്രളയം പോലുള്ള വിപത്തിനെ തടയാം. കുടുംബശ്രീ യൂണിറ്റുകളില്‍ ഉത്പന്നങ്ങളുണ്ടാക്കി മികച്ച രീതിയില്‍ വിപണനം നടത്താന്‍ സാധിക്കട്ടെയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ശശി ഐസക്കിന് തുണിസഞ്ചി നല്‍കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ പി.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ. വിധു, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, കുടുംബശ്രീ മുനിസിപ്പല്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, എ.ഡി.എംസിമാരായ എ. മണികണ്ഠന്‍, കെ.എച്ച്. സലീന, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. നവാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത് ജി. കൊച്ചില്‍ എന്നിവര്‍ പങ്കെടുത്തു.  
 

date