Skip to main content

ലോക്ഡൗണ്‍: 366 കേസുകളില്‍ 383 അറസ്റ്റ്

നിബന്ധനകള്‍ ലംഘിച്ചവര്‍ക്കെതിരെ ഏപ്രില്‍ എട്ടിന് വൈകുന്നേരം നാലു മുതല്‍ ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം നാലുവരെ ജില്ലയില്‍ 366 കേസുകള്‍  രജിസ്റ്റര്‍ ചെയ്തു. 383 പേര്‍ അറസ്റ്റിലാവുകയും 287 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും, സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കും, നിരത്തുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നവര്‍ക്കും എതിരെ കര്‍ശനമായ നിയമ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. വാഹനങ്ങളിലെ യാത്ര സംബന്ധിച്ച് മുഴുവന്‍ നിര്‍ദേശങ്ങളും  ജനങ്ങള്‍ പാലിക്കണം. അല്ലാത്തവരെ നിയമനടപടികള്‍ക്ക് വിധേയമാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കും. ഭക്ഷ്യ സാധനങ്ങള്‍ അവശ്യ മരുന്നുകള്‍ ആശുപത്രി സേവനങ്ങള്‍ എന്നിവയ്ക്കായി മാത്രമേ ആളുകളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുകയുള്ളു. കോവിഡ് -19 ന്റെ സമൂഹ വ്യാപനം തടയുന്നത് ലക്ഷ്യമാക്കി പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നടത്തുന്ന യത്നങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. വ്യാജമദ്യ ഉത്പാദനം  വിതരണം എന്നിവ തടയുന്നതിന് വാഹന പരിശോധനയും റെയ്ഡുകളും തുടരും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള മുന്‍ പ്രതികളെ കര്‍ശനമായി നിരീക്ഷിച്ചു വരുകയാണ്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണം നടന്നു വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഉള്‍പ്പെടെ ഭക്ഷണ വസ്തുക്കള്‍ കച്ചവടം ചെയ്യുന്നതിനെതിരെയുള്ള നടപടികള്‍ ശക്തമാക്കും. ജീവന്‍രക്ഷാ ഔഷധങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും മറ്റും എത്തിക്കുന്നത് ഉള്‍പ്പെടെ അടിയന്തര സേവനങ്ങളില്‍ ജില്ലാ പോലീസ് ബദ്ധശ്രദ്ധരാണെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കോവിഡ് -19 വ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ പോലീസ് സംവിധാനം പൂര്‍ണമായും ജനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജില്ലയിലെ ജനമൈത്രി പോലീസ്, എസ്പിസി തുടങ്ങിയവയെ പ്രയോജനപ്പെടുത്തി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണ-പലവ്യഞ്ജനങ്ങളുടെ വിതരണം, ആശ്രയമില്ലാതെ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിക്കല്‍, ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കല്‍, മാസ്‌ക്, സാനിറ്റൈസര്‍ സാമഗ്രികളുടെ വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ച് കൊടുക്കല്‍ എന്നിങ്ങനെ അത് നീളുന്നു. 

ഇലവുംതിട്ട ജനമൈത്രി പോലീസിലൂടെ നാട് മറ്റൊരു സേവന മുഖം കൂടി കണ്ടു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്ന ഇലവുംതിട്ട അയത്തില്‍ വടക്കേ ചെരുവില്‍ 64 കാരിയായ വാസന്തി മരണപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ ഇലവുംതിട്ട പോലീസിന്റെ സഹായം തേടി. ജനമൈത്രി ബീറ്റ് ഓഫീസര്‍ അന്‍വര്‍ഷാ ആംബുലന്‍സുമായി വീട്ടിലെത്തി ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.  സംസ്‌കാരത്തിന് വേണ്ട സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.

ലോക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം, 112 ടോള്‍ ഫ്രീ നമ്പര്‍ എന്നീ സംവിധാനങ്ങളിലൂടെ പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങളില്‍ സമയോചിതമായ നടപടികള്‍ കൈക്കൊണ്ടു വരുന്നു. ജില്ലാ കളക്ടറേറ്റ്, ആരോഗ്യവകുപ്പ്, റവന്യൂ തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ലോക്ഡൗണ്‍, നിരോധനാജ്ഞക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടപ്പാക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. 

 

date