കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ വില്ലേജ് ഓഫീസര്‍മാരും
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ വിഭാഗത്തിനുമൊപ്പം വില്ലേജ് ഓഫീസര്‍മാരും മുന്നില്‍തന്നെയുണ്ട്. ജില്ലയിലെ പൊതുപരിപാടികളും മതപരമായ ചടങ്ങുകളും നടത്തുമ്പോള്‍ ആളുകളുടെ എണ്ണം ചുരുക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനായി ദിവസേന വീടുകള്‍ സന്ദര്‍ശിച്ച് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചോ എന്നും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എന്തൊക്കെ എന്നും നേരിട്ട് ചോദിച്ചറിയുന്നതിനായി അതത് വില്ലേജ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനും വില്ലേജ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കുന്നുണ്ട്. തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്പ്, മറ്റ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ വരുന്നവര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോ എന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. 144 ലംഘിച്ച കേസുകള്‍ ദിവസവും ഉണ്ടോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടും ജില്ലാഭരണകൂടത്തിനു കൈമാറുന്നതും റവന്യു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
അതിഥി തൊഴിലാളികളുടെ പേര്, വിലാസം, ക്യാമ്പ് ചെയ്യുന്ന പ്രദേശം, തൊഴില്‍ ഉടമയുടെ പേരും വിവരവും വില്ലേജ് ഓഫീസര്‍മാര്‍ ശേഖരിച്ച് അതത് തഹസീല്‍ദാര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ അരി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന സാഹചര്യത്തിലും എത്തിച്ചുനല്‍കിയ ചുമതല വഹിച്ചതും റവന്യു വിഭാഗമായിരുന്നു. തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ താമസ സ്ഥലങ്ങളിലെത്തി ശേഖരിച്ച് അവ കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തുനല്‍കി. വിദേശത്തുനിന്നും വരുന്നവര്‍ക്കായി ഐസലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വില്ലേജിന്റെ പരിധിയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ മുറികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫോട്ടോയും വിവരങ്ങളും സൈറ്റില്‍ അപ്ലോഡ് ചെയ്തു. പഞ്ചായത്ത് തലത്തില്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണിന്റെ മേല്‍നോട്ടവും റവന്യു വിഭാഗം വഹിച്ചു. ജില്ലയിലെ അതിര്‍ത്തികളില്‍ വില്ലേജിലെ ഉദ്യോഗസ്ഥരെ രാത്രി കാലങ്ങളില്‍ പരിശോധനയ്ക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും റവന്യു വിഭാഗം മുന്നില്‍തന്നെയുണ്ട്.
- Log in to post comments