ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് ജില്ലാ പോലീസ്
സമീപ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ച് ജില്ലാ പോലീസ് വാഹന പരിശോധന ശക്തമാക്കി. കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായാണ് നടപ്പാക്കുന്നത്. പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുക, പൊതുനിരത്തുകളില്‍ തുപ്പാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്ക്ക്കൂടി പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ എടുത്തു തുടങ്ങി. ഇതോടെ ജില്ലയില്‍ കോവിഡ് നിയമപ്രകാരമുള്ള കേസുകളില്‍ വര്‍ധനയുണ്ടായി. ചൊവ്വ ഉച്ചയ്ക്ക് ശേഷം മുതല്‍ ബുധന്‍ രണ്ടു മണിവരെ റിപ്പോര്‍ട്ടായത് 454 കേസുകള്‍. 457 പേര് അറസ്റ്റിലാകുകയും 388 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. ഇടറോഡുകളും നിരീക്ഷിക്കുന്നുണ്ട്. പോലീസിനെ ആവശ്യത്തിന് വിന്യസിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
- Log in to post comments